ചാലക്കുടി: സംസ്ഥാനത്ത് കോൺഗ്രസ് തനിച്ച് ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയ ചാലക്കുടി നഗരസഭയിൽ ഇനിയും അദ്ധ്യക്ഷ പദവിയെക്കുറിച്ച് തീരുമാനമായില്ല. നേതാക്കൾ തമ്മിലെ വടംവലിയിൽ നീളുന്ന തീരുമാനത്തിന്റെ ക്ലൈമാക്‌സ് എങ്ങിനെയാകുമെന്ന് കണ്ടറിയണം. മുൻ ചെയർമാനും കഴിഞ്ഞ കൗൺസിലിലെ പ്രതിപക്ഷ നേതാവുമായ വി.ഒ. പൈലപ്പനും ചാലക്കുടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എബി ജോർജുമാണ് ചെയർമാൻ സ്ഥാനത്തിനായി നേർക്കുനേർ ഏറ്റുമുട്ടുന്നത്. കോൺഗ്രസിന്റെ സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾ പലവട്ടം ഇടപെട്ട പ്രശ്‌നം തീരുമാനമാകാതെ അവസാനത്തെ മണിക്കൂറിലേയ്ക്ക് നീങ്ങുന്നതിനുപിന്നിൽ ആർക്ക് ആദ്യത്തെഊഴം എന്ന കടമ്പയാണെന്നാണ് സൂചന. ഇരുനേതാക്കൾക്കു പുറമെ അവസാനത്തെ ഒരുവർഷം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഷിബു വാലപ്പന് ചെയർമാൻ സ്ഥാനം വേണമെന്ന ആവശ്യവും ജില്ലാ നേതൃത്വത്തിന്റെ പരിഗണനിയിലാണ്.

തുടക്കത്തിൽ കൂടുതൽ കൗൺസിലർമാർ പൈലപ്പന്റെ ഒപ്പമായിരുന്നെങ്കിലും പിന്നീടതിന് മാറ്റമുണ്ടായി.ആറാംവട്ടം കൗൺസിലറായത് പൈലപ്പന് അനുകൂല ഘടകമാണെങ്കിലും ചാലക്കുടി നഗരസഭയുടെ ചരിത്രത്തിൽ പലപ്പോഴും ചെയർമാൻ തിരഞ്ഞെടുപ്പുകൾ അട്ടിമറിയിൽ കലാശിച്ചതു കാണാം. പ്രഥമ ചെയർമാൻ തിരഞ്ഞെടുപ്പിൽ ആരംഭിച്ചതാണിത്. അഡ്വ.പി.കെ.ഇട്ടൂപ്പ് ആദ്യ നഗരസഭ കൗൺസിലിൽ ചെയർമാനാകാൻ പാർട്ടി നേതൃത്വം തീരുമാനിച്ചിരുന്നു. എന്നാൽ ആ സ്ഥാനത്ത് അന്നെത്തിയത് സി.ഐ. ജോർജാണ്. തുടർന്നും നിരവധി തവണ അട്ടിമറികൾക്കും കൂറുമാറ്റങ്ങൾക്കും നഗരസഭ തിരഞ്ഞെടുപ്പുകൾ സാക്ഷ്യം വഹിച്ചു. അന്നത്തെ സി.ഐ. ജോർജിന്റെ മകൻ എബി ജോർജാണ് ഇത്തവണയും പ്രധാന കഥാപാത്രമാകുന്നത്. സംസ്ഥാന നേതാക്കളിൽ ചെലുത്തുന്ന സ്വാധീനവും മറ്റും കണക്കിലെടുക്കുമ്പോൾ എബിക്ക് തന്നെയാണ് അവസാനം മുൻതൂക്കമുള്ളതും. എങ്കിലും തിങ്കളാഴ്ച രാവിലെ മാത്രമേ ഇതുസംബന്ധിച്ച അന്തിമതീരുമാനം ഉണ്ടാവുകയുള്ളു.