കൊടുങ്ങല്ലൂർ: മുസിരീസ് പൈതൃകപദ്ധതിയുടെ നേതൃത്വത്തിൽ ക്രിസ്മസ്, ന്യൂഇയർ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഹെലികോപ്ടർ സവാരി ആരംഭിച്ചു. അഴീക്കോട് മുസിരിസ് മുനക്കൽ ബീച്ചിൽനിന്ന് ക്രിസ്മസ് ദിനത്തിലാണ് ആകാശയാത്രയ്ക്ക് ആരംഭം കുറിച്ചത്. ഇ.ടി. ടൈസൺ എം.എൽ.എ ഫ്ളാഗ് ഒഫ് ചെയ്തു. അഴീക്കോട് മാർത്തോമ ദേവാലയം, ചേരമാൻ ജുമാ മസ്ജിദ്, കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം, ലൈറ്റ് ഹൗസ്, തിരുവഞ്ചിക്കുളം ക്ഷേത്രം തുടങ്ങി ജൂതൻമാർ താമസിച്ചിരുന്ന പ്രദേശങ്ങളും ആകാശയാത്രയിൽ കാണാം.
മുസിരീസ് ബീച്ചിൽനിന്ന് അതിരപ്പിള്ളിയിലേക്കുള്ള യാത്രയിൽ പ്രകൃതിരമണീയമായ കാഴ്ച മനംകവരും. മുസിരീസ് പ്രദേശങ്ങളിലുടെയുള്ള ഏഴുമിനിറ്റ് യാത്രയ്ക്ക് 3599 രൂപയും തൃപ്രയാർ ക്ഷേത്രം, സ്‌നേഹതീരം ബീച്ച് തുടങ്ങിയ പ്രദേശങ്ങളിലൂടെയുള്ള 15 മിനിറ്റ് യാത്രയ്ക്ക് 6666 രൂപയും മുസിരീസ് ബീച്ചിൽനിന്ന് അതിരപ്പിള്ളിയിലേക്കുള്ള 30 മിനിറ്റ് യാത്രയ്ക്ക് 10, 999 രൂപയുമാണ് നിരക്ക്. കൊടുങ്ങല്ലൂർ മുസിരീസ് ഫ്ളയിംഗ് ക്ലബും അതിരപ്പിള്ളി സിൽവർസ്റ്റോമും സംയുക്തമായാണ് ആകാശയാത്ര സംഘടിപ്പിക്കുന്നത്. 31നാണ് വരെയാണ് ഹെലികോപ്ടർ യാത്രനടക്കുക. മുസിരിസ് പൈതൃകപദ്ധതി എം.ഡി പി.എം. നൗഷാദ്, ഇ.വി. രമേശൻ, പ്രസീന റാഫി, പി.എ. മനാഫ്, പി.വി. അശോകൻ, പി.കെ. രാരു എന്നിവർ പങ്കെടുത്തു.