ചാലക്കുടി: മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടിമരങ്ങളും സ്തൂപങ്ങളും നശിപ്പിച്ച നിലയിൽ കണ്ടെത്തി. കോടശ്ശേരി, പരിയാരം, കുറ്റിച്ചിറ, നായരങ്ങാടി, താഴൂർ, കുറ്റിക്കാട്, കൂടപ്പുഴ എന്നിവടങ്ങളിലെ കൊടിമരങ്ങളാണ് നശിപ്പിച്ചത്. ക്രിസ്മസ് ദിനത്തിൽ പുലർച്ചെയായിരുന്നു സംഭവം. സി.പി.എമ്മിന്റെ കൊടിമരങ്ങൾക്ക് പുറമെ സി.പി.ഐ, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ.എന്നിവയുടേയും കൊടികമരങ്ങൾ നാശമാക്കി. കൂടപ്പഴയിൽ ബി.ഡി.ജെ.എസ്, സാംബവ മഹാസഭ എന്നിവയുടേയും കൊടികൾ മറിച്ചിട്ടു. നായരങ്ങാടിയിൽ സി.പി.എം ഓഫീസിന്റെ ബോർഡും ലൈറ്റുകളും സാമൂഹ്യവിരുദ്ധർ തകർത്തിട്ടുണ്ട്. ഇവിടെസി.പി.എം, എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ.എന്നിവയുടെ കൊടിമരങ്ങളും തകർത്തിരിക്കുകയാണ്. താഴൂരിലാണ് സി.ഐ.ടി.യുവിന്റെ സ്തൂഭം നശിപ്പിച്ചത്. ബി.ഡി.ദേവസ്സി എം.എൽ.എ.വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എം.എൽ.എ.ആവശ്യപ്പെട്ടു.
കൊടിമരങ്ങൾ നശിപ്പിച്ചതിൽ പ്രതിഷേധിച്ച് നായരങ്ങാടി, കുറ്റിച്ചിറ എന്നിവടങ്ങളിൽ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. നായരങ്ങാടിയിൽ നേതാക്കളായ കെ.എസ്.അശോകൻ, സി.കെ.സഹജൻ, ഇ.എ.ജയതിലകൻ, ബാഹുലേയൻ എന്നിവരും കുറ്റിച്ചിറയിൽ പി.എ.കുഞ്ചു, ജോഷി എന്നിവരും പ്രകടനത്തിന് നേതൃത്വം നൽകി.