 
കൊടുങ്ങല്ലൂർ:കേരളത്തിലെ വിവിധ സൈക്ലിംഗ് ക്ലബ്ബുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മുസിരിസ് ഹെറിറ്റേജ് സൈക്ലിംഗ് സീരിസിനു തുടക്കമായി. കേരളത്തിന്റെ പലഭാഗങ്ങളിൽ നിന്നായി അഞ്ഞൂറോളം സൈക്ലിസ്റ്റുകൾ പത്തു ദിവസത്തോളം നീണ്ടുനിൽക്കുന്ന പരിപാടിയുടെ ഭാഗമായി മുസിരിസ് പൈതൃക പദ്ധതിയുടെ വിവിധ മ്യൂസിയങ്ങളും സ്മാരകങ്ങളും സന്ദർശിക്കും. ദിവസം 50 പേരടങ്ങുന്ന സംഘം വിവിധ സ്ഥലങ്ങളിൽ നിന്നായി മുസിരിസ് മുനക്കൽ ബീച്ചിൽ കേന്ദ്രീകരിക്കുകയും തുടർന്ന് അബ്ദുൾ റഹ്മാൻ സാഹിബ് മ്യൂസിയം, കോട്ടപ്പുറം കോട്ട, കോട്ടപ്പുറം വാട്ടർ ഫ്രണ്ട്, പറവൂർ സിനഗോഗ്, പാലിയം പാലസ്, പാലിയം നാലുകെട്ട്, ചേന്ദമംഗലം സിനഗോഗ് എന്നിവിടങ്ങളിൽ സൈക്കിൾ സവാരിയിലൂടെ എത്തിച്ചേരുകയും
തുടർന്ന് അഴീക്കോട് അഴിമുഖത്തേക്ക് ബോട്ട് സവാരി നടത്തുകയും ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ മ്യൂസിയം മാനേജർമാരായ സജ്ന വസന്തരാജ്, കെ ബി നിമ്മി, ജൂനിയർ എക്സിക്യൂട്ടീവ് അഖിൽ എസ് ഭദ്രൻ, എൻ എം ഹാഷിം എന്നിവർ സ്വീകരിച്ചു. മുസിരിസ് ഹെറിറ്റേജ് സൈക്ലിംഗ് സീരീസിന്റെ ഭാഗമായി 2021 ജനുവരിയിൽ പൊന്നാനി മുതൽ ആലപ്പുഴ പൈതൃക പദ്ധതി വരെ മുസിരിസ് പൈതൃക പദ്ധതി പ്രദേശങ്ങളിലൂടെ കേരളത്തിലെ വിവിധ സൈക്ലിംഗ് ക്ലബ്ബുകളെ സംയോജിപ്പിച്ചു കൊണ്ട് സൈക്ലിംഗ് ഇവന്റ് സംഘടിപ്പിക്കുമെന്ന് മുസിരിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടർ പി എം നൗഷാദ് അറിയിച്ചു.