kuhs

തൃശൂർ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി 91 സീറ്റുകൾ വർദ്ധിപ്പിക്കാൻ ആരോഗ്യ സർവകലാശാലയുടെ ഭരണ സമിതി യോഗം തീരുമാനിച്ചു. എല്ലാ വിഭാഗങ്ങളിലുമായി ബിരുദ ബിരുദാനന്തര കോഴ്സുകളിലാണ് സീറ്റ് വർദ്ധന. ആരോഗ്യ മേഖലയിൽ ഗവേഷണം ത്വരിതപ്പെടുത്തുന്നതിനായി 4 സ്കൂളുകൾ തുടങ്ങുന്നതിനും യോഗം തീരുമാനിച്ചു. സർവ്വകലാശാല തലത്തിൽ ഗവേഷണ ഫെലോഷിപ്പുകളും പി എച്ച്ഡിയും ആരംഭിക്കും. അടുത്ത സാമ്പത്തിക വർഷം 112.72 കോടി രൂപയുടെ വരുമാനവും 105.45 കോടി രൂപയുടെ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റും യോഗം അംഗീകരിച്ചു. വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രോ. വൈസ് ചാൻസലർ പ്രൊഫ. ഡോ. സി.പി വിജയൻ, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ ഡോ. എ. റംലാ ബീവി, ഭരണ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.