തൃശൂർ: സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണൻ അടക്കം പ്രമുഖരുടെ തോൽവിയുമായി ബന്ധപ്പെട്ട് മുൻ കൗൺസിലറെയും ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി അടക്കമുള്ളവരെ പുറത്താക്കി ബി.ജെ.പി. മുൻ കുട്ടൻകുളങ്ങര കൗൺസിലർ ലളിതംബിക, ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി കെ. കേശവദാസ്, അരുണ കേശവദാസ്, മനീഷ് എന്നിവരെ തൃശൂർ മണ്ഡലത്തിൽ നിന്നും മുൻ കൈപ്പമംഗലം മണ്ഡലം പ്രസിഡന്റ്‌ പോണത്ത് ബാബു, പ്രാശോഭ് മേനോൻ,ജ്യോതി ദിവകാരൻ, ചന്ദ്രൻ മാടക്കത്തറ എന്നിവരെ ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും പുറത്താക്കി.കുട്ടൻകുളങ്ങര ഡിവിഷനിൽ ബി.ജെ.പി മേയർ സ്ഥാനാർത്ഥിയായി മത്സരിച്ച ബി. ഗോപാലകൃഷ്ണൻ ദയനീയമായി പരാജയപെട്ടിരുന്നു. തോൽവിക്ക് പ്രധാന കാരണം മുൻ കൗൺസിലർ ലളിതാംബികയും സംഘ പരിവാർ നേതാവായ കേശവദാസും ആണെന്ന ആരോപണം ഉയർന്നിരുന്നു. ലളിതാംബികയെ സ്ഥാനാർത്ഥിയക്കാത്തതിനെതിരെ അമർഷം ഉണ്ടായിരുന്നു.ഗോപാലകൃഷ്ണനെ സ്ഥാനാർത്ഥിയാക്കിയതോടെ പാർട്ടി സ്ഥാനങ്ങൾ മുൻ കൗൺസിലർ രാജിവെച്ചിരുന്നു.ഇതിനിടെ കേശവദാസിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ യു. ഡി. എഫ് കൗൺസിലർ പങ്കെടുത്തത് ചർച്ചയായിരുന്നു. സമൂഹമാധ്യമങ്ങളിൽ തന്നെ അപമാനിക്കുന്നുവെന്നാരോപിച്ചു കേശവദാസ് ഗോപാലകൃഷ്ണനെതിരെസൈബർ സെല്ലിൽ പരാതി നൽകിയിരുന്നു.കഴിഞ്ഞ ജില്ലാ കോർകമ്മിറ്റി യോഗത്തിൽ ഇരുവരെയും പുറത്താക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. 2015 ലെ തിരെഞ്ഞെടുപ്പിലാണ് കുട്ടൻകുളങ്ങര ഡിവിഷൻ ബിജെപി നേടിയത്. കഴിഞ്ഞ ലോകസഭ തെരെഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്ക് ഈ ഡിവിഷനിൽ നിന്ന് 700 ലേറെ വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നു.അവിടെ ആണ് ഗോപാലകൃഷ്ണൻ പരാജയപെട്ടത്.