തൃശൂർ: 2021 ലെ കേരള നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഫസ്റ്റ് ലെവൽ ചെക്കിംഗിന് തൃശൂർ ഗവ. എൻജിനീയറിങ് കോളേജ് കോൺഫറൻസ് ഹാളിൽ തുടക്കമായി. പരിശോധന കേന്ദ്രം ജില്ലാ കളക്ടർ എസ്.ഷാനവാസ് സന്ദർശിച്ച് വിലയിരുത്തി. 4700 കൺട്രോൾ യൂണിറ്റുകളും 4700 ബാലറ്റ് യൂണിറ്റുകളും 5000 വിവിപാറ്റ് മെഷീനുകളുമാണ് ഇവിടെ പരിശോധനയ്ക്കായി ഒരുക്കിയിരിക്കുന്നത്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലെ 4 എൻജിനീയർമാർ അടങ്ങുന്ന സംഘമാണ് ഫസ്റ്റ് ലെവൽ ചെക്കിംഗ് നടത്തുന്നത്. പ്രവർത്തനക്ഷമമായ മെഷീനുകളിൽ ഒ.കെ സ്റ്റിക്കർ അടിക്കുകയും പ്രവർത്തനക്ഷമമല്ലാത്ത മെഷീനുകൾ കേടുപാടുകൾ തീർക്കുന്നതിനായി റിജക്റ്റ് സ്റ്റിക്കർ അടിച്ച് മാറ്റുകയും ചെയ്യുന്ന പ്രവർത്തനമാണ് പുരോഗമിക്കുന്നത്. ആദ്യഘട്ട പരിശോധനയ്ക്ക് ഏതാണ്ട് ഒരുമാസം സമയമാണ് എടുക്കുക. ഇലക്ഷൻ കമ്മീഷൻ അനുശാസിക്കുന്ന പരിശോധന കേന്ദ്രത്തിന്റെ ക്രമീകരണങ്ങൾ ജില്ലാ കളക്ടർ വിലയിരുത്തി. പരിശോധന കേന്ദ്രത്തിന്റെ സുരക്ഷാ സംവിധാനങ്ങൾ, സി.സി.ടി.വി കാമറകളുടെ പ്രവർത്തനം, വെബ്കാസ്റ്റിംഗ്, മെറ്റൽ ഡിറ്റക്റ്റർ, ദേഹപരിശോധന, സാനിറ്റൈസേഷൻ, ലോഗ് ബുക്ക്, മെഷീനുകൾ എന്നിവ ജില്ലാ കളക്ടർ പരിശോധിച്ചു. ബി.എസ്.എൻ.എല്ലിന്റെ സഹായത്തോടെയാണ് ബ്രോഡ് ബാൻഡ് കണക്ടിവിറ്റിയും സുരക്ഷാ കാമറകളും കേന്ദ്രത്തിൽ സജ്ജമാക്കിയിരിക്കുന്നത്.
ഡോ. റെജിൽ ഫസ്റ്റ് ലെവൽ ചെക്കിംഗ് സൂപ്പർവൈസർ
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഫസ്റ്റ് ലെവൽ ചെക്കിങ് സൂപ്പർവൈസറായി ഡിസാസ്റ്റർ മാനേജ്‌മന്റ് ഡെപ്യൂട്ടി കളക്ടർ ഡോ. റെജിൽ എം.സി യെ നിയമിച്ചു, റവന്യൂ റിക്കവറി തഹസിൽദാർ റഫീഖ് പി.യുവിനെ നോഡൽ ഓഫീസറായും ഡെപ്യൂട്ടി തഹസിൽദാർ സണ്ണി ഡേവിസിനെ അസിസ്റ്റന്റ് നോഡൽ ഓഫീസറെയും നിയമിച്ചു. കൂടാതെ വിവിധ വകുപ്പുകളിലെ 20 ജീവനക്കാരെയും പ്രസ്തുത പ്രവർത്തിയിലേക്കായി നിയോഗിച്ചതായും ജില്ലാ കളക്ടർ അറിയിച്ചു.