തൃശൂർ: തിരുവമ്പാടി വൈകുണ്ഠ ഏകാദശി വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഉഷ:ശീവേലിക്ക് തിരുവമ്പാടി ചന്ദ്രശേഖരൻ ഭഗവാന്റെ തിടമ്പേറ്റി. കിഴക്കൂട്ട് അനിയൻമാരാരുടെ പ്രാമാണികത്തിൽ അരങ്ങേറിയ പഞ്ചാരിമേളം അകമ്പടിയായി. ഉച്ചയ്ക്ക് കാഴ്ചശീവേലിയും വൈകിട്ട് പഞ്ചവാദ്യം നിറമാല, ദീപക്കാഴ്ച എന്നിവയും നടന്നു. അത്താഴപ്പൂജയ്ക്ക്‌ ശേഷം ഏകാദശിവിളക്കിന് എഴുന്നള്ളിച്ചു. സ്വർണപ്പഴുക്കാ മണ്ഡപത്തിൽ തിടമ്പ് എഴുന്നള്ളിച്ചു വെച്ചപ്പോൾ തായമ്പക അരങ്ങേറി. വിളക്കാചാരത്തിന്റെ ഭാഗമായി വിശേഷാൽ ഇടയ്ക്ക പ്രദക്ഷിണവും അരങ്ങേറി. തുടർന്ന് തൃപ്പുകക്ക് ശേഷം നടയടച്ചു.