തൃശൂർ: കൊവിഡ് വ്യാപനം ശക്തമായി നിലനിൽക്കെ യാത്രക്കാരെ കുത്തിനിറച്ച് ബസുകൾ സർവീസ് നടത്തുന്നത് വ്യാപകമാകുന്നു. കൊവിഡ് പ്രോട്ടോകോൾ പ്രകാരം ബസുകളിൽ ആളുകൾക്ക് നിന്ന് യാത്ര ചെയ്യാൻ അനുമതിയില്ലെന്നിരിക്കെയാണിത്. നിരയായി ആളുകൾ നിൽക്കുമ്പോഴും വീണ്ടും ആളുകളെ കുത്തിനിറക്കുന്നതും പതിവാണ്. പ്രൈം ടൈമിലാണ് ബസുകളിൽ ആളുകളെ ഏറ്റവും കുത്തി നിറക്കുന്നത്. ഞായറാഴ്ച പോലുള്ള അവധി ദിനങ്ങളിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നു. ഉദ്ദേശിക്കുന്ന സ്ഥലത്ത് പെട്ടെന്ന് എത്തണമെന്നുള്ളതിനാൽ യാത്രക്കാർ എതിരഭിപ്രായമൊന്നും പറയാറുമില്ല. അതേസമയം കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്രക്കാരെ നിർത്തി യാത്ര ചെയ്യിക്കുന്ന സംഭവങ്ങൾ അപൂർവമാണ്. എന്നാൽ രാത്രി സമയങ്ങളിൽ കെ.എസ്.ആർ.ടി.സിയിലും സ്ഥിതി വ്യത്യസ്തമല്ല. കൊവിഡ് അൺലോക്ക് ഭാഗമായി നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വന്നതോടെ ബസുകളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. കൊവിഡ് വ്യാപനം നിലനിൽക്കെ ഇത്തരത്തിൽ ബസുകളിൽ യാത്രക്കാരെ കുത്തിനിറച്ച് സർവീസ് നടത്തുന്നതിനെതിരെ പൊലിസോ മോട്ടോർ വാഹന വകുപ്പോ നടപടിയെടുക്കാനും തയ്യാറാകുന്നില്ല.
ബസുകാർ പറയുന്നതിങ്ങനെ:
അപൂർവം സമയങ്ങളിൽ മാത്രമാണ് യാത്രക്കാർ നിന്ന് യാത്ര ചെയ്യുന്നത്. കൊവിഡ് മൂലം യാത്രക്കാരുടെയും ബസുകളുടേയും എണ്ണം കുറഞ്ഞു. മിക്ക സർവീസുകളും നഷ്ടത്തിലാണ്. സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരാണ് അധികം.