varghes
കോൺഗ്രസ് വിമതൻ എം.കെ വർഗീസ്

തൃശൂർ: കിട്ടിയ അവസരം കൃത്യമായി ഉപയോഗിച്ച് എൽ.ഡി.എഫ് തൃശൂർ കോർപറേഷൻ ഭരണം നിലനിർത്തി. ഭരണ വിരുദ്ധ വികാരം അതിജീവിച്ചു യു.ഡി.എഫിനെക്കാൾ ഒരു സീറ്റ്‌ അധികം നേടുകയും ഭരണം ഉറപ്പിക്കാൻ വീട്ടുവീഴ്ചകൾക്ക് തയ്യാറായി കോൺഗ്രസ്‌ വിമതനെ ഒപ്പം നിർത്തിയുമാണ് ഒരിക്കൽ കൂടി സാംസ്‌കാരിക തലസ്ഥാനത്ത് എൽ.ഡി.എഫ് ഭരണം നിലനിർത്തിയത്. യു.ഡി.എഫിനു 23 സീറ്റ്‌ ലഭിച്ചപ്പോൾ കേവല ഭൂരിപക്ഷം നേടാൻ കഴിഞ്ഞില്ലെങ്കിലും 24 സീറ്റ്‌ നേടി വലിയ മുന്നണി ആയത്. ഭരണം ഉറപ്പിക്കാൻ കോൺഗ്രസ്‌ വിമതൻ എം. കെ. വർഗീസിനെ മേയർ സ്ഥാനം നൽകിയാണ് അരക്കിട്ട് ഉറപ്പിച്ചത്. തങ്ങൾ ഉയർത്തി കൊണ്ട് വന്ന മേയർ സ്ഥാനാർത്ഥിക്ക്‌ പകരം രണ്ടു വർഷം കോൺഗ്രസ്‌ വിമതനു സ്ഥാനം നൽകിയാണ് കോൺഗ്രസിന്റെ മോഹം തല്ലിക്കെടുത്തിയത്. ഇത്തവണ വലിയ നേട്ടം കൈവരിക്കുമെന്ന് അവകാശപെട്ട ബി.ജെ.പി കഴിഞ്ഞ തവണത്തെ സീറ്റിൽ തന്നെ ഒതുങ്ങിയതും എൽ.ഡി.എഫിനു നേട്ടമായി. കഴിഞ്ഞ തവണയും ഭരണ പക്ഷത്തേക്കാൾ എണ്ണം കൂടുതൽ പ്രതിപക്ഷത്തായിട്ടും അഞ്ചു വർഷം പൂർത്തിയാക്കാൻ എൽ.ഡി.എഫിനു സാധിച്ചു. ഇത്തവണ കഴിഞ്ഞ തവണത്തെക്കാൾ സങ്കീർണമാണ് അവസ്ഥ. ഭരണപക്ഷത്ത് നിലവിലെ ആകെ അംഗങ്ങളിൽ 25 പേർ മാത്രം ഉള്ളപ്പോൾ പ്രതിപക്ഷത്ത് യു.ഡി.എഫിനു 23പേരും ബി.ജെ.പിക്ക് 6 പേരും അടക്കം 29 പേരുണ്ട്. ഇനി പുല്ലഴി ഡിവിഷൻ എൽ.ഡി.എഫ് നേടിയാലും പ്രതിപക്ഷത്ത് തന്നെ ആകും മുൻ‌തൂക്കം.

ചുക്കാൻ പിടിച്ചത് എം.കെ.കണ്ണൻ

കോർപറേഷൻ ഭരണം എൽ.ഡി.എഫിനു അനുകൂലമാക്കാൻ ചുക്കാൻ പിടിച്ചത് തിരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് സംസ്ഥാന വൈസ് പ്രസിഡന്റ്‌ കൂടിയായ എം. കെ. കണ്ണൻ ആയിരുന്നു. കോൺഗ്രസ്‌ വിമതനെ കോൺഗ്രസ്‌ വല വീശി പിടിക്കും മുൻപ് തങ്ങളുടെ വരുതിയിലേക്ക് കൊണ്ട് വരാൻ നീക്കം നടുത്തിയതും കണ്ണൻ ആയിരുന്നു. കോർപറേഷൻ എൽ.ഡി.എഫ് തിരെഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതല എം.കെ.കണ്ണനായിരുന്നു.

കോൺഗ്രസിൽ തമ്മിലടി വീണ്ടും അധികാരം നഷ്ടമായി

ഒരിക്കൽ കൂടി കോൺഗ്രസിനു തൃശൂർ കോർപറേഷൻ ഭരണം നഷ്ടമാകുന്നു.2015 ൽ ഉറപ്പായ തുടർഭരണം നഷ്ടപെട്ടപ്പോൾ ഇത്തവണ ഭൂരിഭാഗം പേരും കോൺഗ്രസ്‌ കോർപറേഷൻ ഭരണം തിരിച്ചു പിടിക്കുമെന്ന് പ്രവചിച്ചെങ്കിലും കപ്പിനും ചുണ്ടിനും ഇടയിൽ ഒരിക്കൽ കൂടി ഭരണം തട്ടി തെറിക്കുകയാണ്. കഴിഞ്ഞ തവണയും ഇക്കുറിയും ഗ്രൂപ്പ് പോരും വിമതരും തന്നെയാണ് കോൺഗ്രസ്‌ പ്രതീക്ഷിച്ച വിജയം തട്ടി തെറിപ്പിച്ചത്. കഴിഞ്ഞ തവണ രണ്ടു കോൺഗ്രസ്‌ വിമതൻമാർ വിജയിച്ചപ്പോൾ ഉറപ്പിച്ച ഏതാനും ഡിവിഷനുകളിലെ വിജയം വിമത ശല്യത്തിൽ നഷ്ടപെട്ടു. ഇത്തവണയും ശക്തരായ ആറു വിമതർ രംഗത്ത് ഉണ്ടായിരുന്നു. ഇതിൽ ഒരാളെ വിജയിച്ചു ഉള്ളൂ എങ്കിലും അത് കഴിഞ്ഞ തവണത്തെക്കാൾ നിർണായകമായി. ഗാന്ധി നഗർ, കിഴക്കുമ്പാട്ടുകാര, നേട്ടീശ്ശേരി ഡിവിഷനുകളെ ചൊല്ലി അവസാന നിമിഷം ഉയർന്നു വന്ന വിവാദങ്ങളാണ് കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചത്. ഇതിൽ നേട്ടീശ്ശേരി ഒഴിച്ചു മറ്റ് രണ്ടു സീറ്റുകളും കോൺഗ്രസ്‌ നേടിയെങ്കിലും നെട്ടിശ്ശേരി വിമതൻ നേടിയതോടെ ചിത്രം മാറി മറിയുക ആയിരുന്നു. കഴിഞ്ഞ തവണ വിജയിച്ച അയ്യന്തോൾ ഡിവിഷനിൽ വിജയം നേടിയെങ്കിലും ഇത്തവണ അവിടെ മത്സരിച്ച എ. പ്രസാദിന്റെ തോൽവിയും ജോൺ ഡാനിയേൽ കഴിഞ്ഞ തവണ വിജയിച്ച പാട്ടുരായ്ക്കൽ നഷ്ടപെട്ടതും കനത്ത തിരിച്ചടിയായി. നെട്ടിശ്ശേരിയിൽ വർഗീസ് കൈപ്പത്തി ചിഹ്നം വരച്ചു പ്രചാരണം ആരംഭിച്ചതിനു ശേഷം ആണ് അദ്ദേഹത്തെ മാറ്റി ബൈജു വർഗീസിനെ അവിടെ സ്ഥാനാർത്ഥിയാക്കിയത്. എന്നിട്ടും പന്ത് അടയാളത്തിൽ മത്സരിച്ചു കോൺഗ്രസ്‌ ഔദ്യോഗിക സ്ഥാനാർത്ഥിതോൽപിച്ചു വിജയം നേടി. ഒടുവിൽ കോൺഗ്രസ്‌ വിമതനെ റാഞ്ചിഎടുത്ത് മേയർ സ്ഥാനം നൽകിയാണ് എൽ.ഡി.എഫ് ഭരണതുടർച്ച നേടിയത്.

ഷാജനെ ഒഴിവാക്കാൻ ഒരു വിഭാഗം

കോൺഗ്രസ്‌ വിമതൻ എം. കെ. വർഗീസിന്റെ ആവശ്യം നടപ്പാക്കാൻ സി.പി.എമ്മിൽ സമ്മർദ്ദം ചെലുത്തിയത് ഒരു പാർട്ടിക്കുള്ളിലെ വിഭാഗം. സി.പി.എം മേയർ സ്ഥാനാർത്ഥിയായി മത്സരിപ്പിച്ച ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. കെ. ഷാജൻ വരാതിരിക്കാനുള്ള ശക്തമായ ചരടുവലി നടന്നതായും പറയുന്നു. കോൺഗ്രസ്‌ വിമതൻ കോൺഗ്രസിൽ തിരിച്ചെത്തിയാലും നറുക്കെടുപ്പിലൂടെ മാത്രമേ മെയറെ കണ്ടെത്താനാകു. നിലവിലെ സാഹചര്യത്തിൽ പുല്ലഴി തിരെഞ്ഞെടുപ്പിൽ ജയിച്ചു കയറാമെന്നു അതിലുടെ 25 സീറ്റ്‌ നേടി ഭരണം ഉറപ്പിക്കാമെന്നു സി.പി.എമ്മിലെ ഒരു വിഭാഗം വാദിച്ചെങ്കിലും ഭരണം നിലനിർത്താൻ ചില വീട്ടുവീഴ്ചകൾ വേണം എന്ന കാര്യം നേതൃത്വത്തിന് മുന്നിലേക്ക് ഇട്ടാണ് ഷാജന്റെ വരവ് തടഞ്ഞത്. കിട്ടിയ അവസരം വർഗീസ് കൃത്യമായി ഉപയോഗിച്ചാണ് മേയർ സ്ഥാനം നേടിയത്. ഷാജനെ തോല്പിക്കാൻ സി.പി.എമ്മിലെ ചിലർ കളിക്കുന്നതായി തിരെഞ്ഞെടുപ്പ് വേളയിൽ സംസാരം ഉയർന്നിരുന്നു.