 
തൃശൂർ: ഒല്ലൂർ പൂച്ചട്ടിയിൽ ഏഴര കിലോ കഞ്ചാവുമായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതി അറസ്റ്റിൽ. നടത്തറ പോലൂക്കര ഗാന്ധിനഗർ പുളിയത്തു പറമ്പിൽ വീട്ടിൽ രവി (കളക്ടർ രവി-50) ആണ് അറസ്റ്റിലായത്. തൃശൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തൃശൂർ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ പൂച്ചട്ടി- മൂർക്കനിക്കര റോഡിൽ നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇയാൾ പിടിയിലായത്. ഹീറോ ഹോണ്ട സ്പ്ലെണ്ടർ ബൈക്കിൽ 7.800 കിലോഗ്രാം കഞ്ചാവുമായിട്ടായിരുന്നു ഇയാൾ വന്നിരുന്നത്. ഇയാൾക്കെതിരെ എൻ.ഡി.പി.എസ് കേസ് എടുത്തു. ന്യൂ ഇയർ വില്പന ലക്ഷ്യമാക്കി കൊണ്ട് വന്ന കഞ്ചാവാണ് പിടികൂടിയത്. റെയ്‌ഡിൽ അസി.എക്സൈസ് ഇൻസ്പെക്ടർ ജീൻസൈമൺ, പ്രിവന്റീവ് ഓഫീസർ ടി.എസ് സുരേഷ്, ഗ്രേഡ് പി.ഓമാരായ കെ.വി.രാജേഷ്, ശിവൻ, സിക്സൻ, സി.ഇ. ഒ മാരായ രഞ്ജിത്,അനീഷ്, എന്നിവർ പങ്കെടുത്തു.