ramanilyamam-
മോടി പിടിപ്പിച്ച രാമ നിലയം

തൃശൂർ: പൈതൃകത്തനിമയിൽ പുതുമോടിയോടെ രാമനിലയം. സംസ്ഥാന ചരിത്രത്തിൽ അവിസ്മരണീയമായ സംഭവങ്ങൾക്കും പ്രമുഖരുടെ കൂടിക്കാഴ്ച്ചകൾക്കും സാക്ഷ്യം വഹിച്ചിട്ടുള്ള രാമനിലയത്തിന്റെ 120 വർഷം പഴക്കമുള്ള പൈതൃക ബ്ലോക്കാണ് പഴമയുടെ പ്രൗഢി ചോരാതെ നവീകരണത്തിന്റെ ആദ്യഘട്ടം പിന്നിട്ടിരിക്കുന്നത്. ആർക്കിടെക്റ്റ് എം.എം വിനോദ്കുമാർ നൽകിയ സംരക്ഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നവീകരണ പദ്ധതിക്ക് പൊതുമരാമത്ത് വകുപ്പ് രൂപം കൊടുത്തത് 3.45 കോടി രൂപ ചെലവിൽ കെട്ടിട നവീകരണവും 1.25 കോടി രൂപ ചെലവിൽ ലാൻഡ് സ്കേപ്പിംഗും ലൈറ്റിംഗും ഉൾപ്പെടുന്ന പരിസര നവീകരണവുമാണ് പദ്ധതി.

14500 ചതുരശ്ര അടി വിസ്തീർണം

4 ആഡംബര സ്യൂട്ട് മുറികളോടു കൂടിയ പൈതൃക ബ്ളോക്കിന് 14500 ചതുരശ്ര അടിയാണ് വിസ്തീർണം. നീളൻ വരാന്ത അരികു ചാർത്തുന്ന കെട്ടിടത്തിലെ രണ്ട് കോൺഫറൻസ് ഹാളുകൾ നവീകരണത്തിൽ നിലനിർത്തിയിട്ടുണ്ട്. മുറികളിലൊന്ന് വി.വി.ഐ.പികൾക്കുള്ള പ്രസിഡൻഷ്യൽ സ്യൂട്ടായാണ് വിഭാവനം ചെയ്തിരിക്കുന്നത്.

രാമനിലയം ചരിത്രം

നിലവിലെ പൈതൃക ബ്ളോക്ക് ഈ രീതിയിൽ സ്ഥാപിക്കപ്പെട്ടത് 120 വർഷം മുമ്പാണെങ്കിലും ശക്തൻ തമ്പുരാൻ കൊട്ടാരത്തിന്റെ ഔട്ട്ഹൗസ് അണിപറമ്പ് എന്നറിയപ്പെട്ടിരുന്ന ഇവിടെ ഉണ്ടായിരുന്നതായാണ് അനുമാനം. പിന്നീട് ദിവാൻ ബംഗ്ളാവായും ബ്രിട്ടീഷ് റസിഡന്റിന്റെ വാസസ്ഥാനമായ ട്രിച്ചൂർ റസിഡൻസിയായും രണ്ടാം ലോക മഹായുദ്ധക്കാലത്ത് മിലിട്ടറി ഓഫീസായുമൊക്കെ രൂപാന്തരങ്ങളുണ്ടായി.

കൊച്ചി മഹാരാജാവ് രാമവർമ്മയുടെ സ്മരണകളിലേക്ക് നയിക്കുന്നതാണ് രാമനിലയം എന്ന നാമകരണം. രാമവർമ്മ കൊച്ചി മഹാരാജാവും രാജഗോപാലാചാരി ദിവാനുമായിരിക്കെയാണ് അണിപറമ്പിലെ കെട്ടിട സമുച്ചയം ഈ മാതൃകയിൽ സ്ഥാപിതമായത്.തൃശൂർ ക്ളബ്ബായി മാറിയ ടെന്നിസ് ക്ളബ്ബിന് രാമവർമ്മ മഹാരാജാവിനെ രക്ഷാധികാരിയാക്കി ബാനർജി തുടക്കം കുറിച്ചത് രാമനിലയം വളപ്പിലെ കോർട്ടുകളിലാണ്. ദിവാൻ പദമൊഴിഞ്ഞ് 30 വർഷത്തിന് ശേഷം തൃശൂരിലെത്തിയ ബാനർജി തന്റെ ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരമായ ഏഴു വർഷമെന്നാണ് ദിവാനായിരിക്കെ തൃശൂരിൽ ചെലവിട്ട വർഷങ്ങളെ വിശേഷിപ്പിച്ചത്. രാമവർമ്മ മഹാരാജാവിന്റെ ആതിഥേയത്വം സ്വീകരിച്ച് 1923ൽ തൃശൂരിലെത്തിയ തിരുവിതാംകൂർ രാജകുടുംബം താമസിച്ചതും രാമനിലയം കൊട്ടാരത്തിലാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് രാമനിലയം മിലിട്ടറി റിക്രൂട്ട്മെന്റ് ഓഫീസായും രാമനിലയം വളപ്പ് മിലിട്ടറി ബാരക്കുകളായും രൂപാന്തരപ്പെട്ടു. 1957 ഫെബ്രുവരിയിൽ തൃശൂർ സന്ദർശിച്ച പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് സ്വാഗതമരുളിയത് രാമനിലയമാണ്. ഇ.എം. ശങ്കര൯ നമ്പൂതിരിപ്പാടും പട്ടം താണുപിള്ളയും കെ. കരുണകര lനും മുതലുള്ള സംസ്ഥാന മുഖ്യമന്ത്രിമാരുടെ സാന്നിധ്യവും രാമനിലയത്തിന്റെ ഇന്നലെകൾക്ക് ഓർത്തെടുക്കാനുണ്ട്.