election

തൃശൂർ: ജില്ലയിലെ 7 മുൻസിപ്പാലിറ്റികളിലെ ചെയർമാൻ, വൈസ് ചെയർമാൻ, തൃശൂർ കോർപറേഷനിലെ മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. കോർപ്പറേഷനിലെ മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ ജില്ലാ കളക്ടറാണ് വരണാധികാരി. മുൻസിപ്പാലിറ്റികളിൽ കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ചടങ്ങിന് നേതൃത്വം വഹിച്ച റിട്ടേണിങ് ഓഫീസർമാർ തിരഞ്ഞെടുപ്പ് വരണാധികാരികളാകും. മേയർ, മുൻസിപ്പൽ ചെയർമാൻ എന്നിവരുടെ തിരഞ്ഞെടുപ്പ് രാവിലെ 11മണിക്കും ഡെപ്യൂട്ടി മേയർ, വൈസ് ചെയർമാൻ എന്നിവരുടെ തിരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞു രണ്ട് മണിക്കും നടത്തും. ഓപ്പൺ ബാലറ്റ് വഴിയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പിന്നിൽ പേരും ഒപ്പും രേഖപ്പെടുത്തണം. ഏതെങ്കിലും സ്ഥാനത്തേക്ക് ഒരാൾ മാത്രമേ മത്സരിക്കുന്നുള്ളു എങ്കിൽ തിരഞ്ഞെടുപ്പ് നടത്തില്ല. മത്സരിക്കുന്ന സ്ഥാനാർത്ഥികൾ രണ്ട് പേരെ ഉള്ളു എങ്കിൽ ഏറ്റവും അധികം സാധുവായ വോട്ടുകൾ നേടുന്ന ആളെ വിജയിയായി പ്രഖ്യാപിക്കും. സാധുവായ വോട്ടുകളുടെ എണ്ണം തുല്യമാണെങ്കിൽ യോഗത്തിൽ വെച്ച് തന്നെ നറുക്കെടുപ്പ് നടത്തി നറുക്കെടുക്കുന്ന ആളെ വിജയിയായി തീരുമാനിക്കും. രണ്ടിൽ അധികം സ്ഥാനാർത്ഥികൾ മത്സരിക്കുന്ന സാഹചര്യത്തിൽ മത്സരിക്കുന്ന ഏതെങ്കിലും ഒരു സ്ഥാനാർത്ഥി മറ്റെല്ലാ സ്ഥാനാർത്ഥികൾക്കും കൂടി കിട്ടിയിട്ടുള്ളതിനേക്കാൾ കൂടുതൽ വോട്ടുകൾ നേടിയാൽ ആ ആളെ വിജയിയായി പ്രഖ്യാപിക്കും. മത്സരാർത്ഥികളിൽ ആർക്കും കൂടുതൽ വോട്ടുകൾ നേടാനായില്ലെങ്കിൽ ഏറ്റവും കുറവ് വോട്ടുകൾ നേടിയ സ്ഥാനാർത്ഥിയെ ഒഴിവാക്കി വീണ്ടും വോട്ടെടുപ്പ് നടത്തുകയും ചെയ്യും. ഒഴിവാക്കപ്പെടേണ്ട സാഹചര്യത്തിൽ മത്സരാർത്ഥികൾ തുല്യ വോട്ടുകൾ നേടിയാൽ നറുക്കെടുപ്പ് നടത്തുകയും നറുക്കെടുക്കപ്പെട്ട ആളെ ഒഴിവാക്കുകയും ചെയ്യും. ഇത്തരത്തിൽ ഏതെങ്കിലും ഒരു സ്ഥാനാർത്ഥി കൂടുതൽ വോട്ട് നേടുന്ന വരെ തിരഞ്ഞെടുപ്പ് തുടരുകയും ചെയ്യും. സംവരണം ചെയ്തിട്ടുള്ള മുസിപ്പാലിറ്റികളിൽ തിരഞ്ഞെടുക്കപ്പെടുന്ന ആൾ സംവരണ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്ന് വരണാധികാരികൾ ഉറപ്പാക്കും. കേരള മുനിസിപ്പാലിറ്റി ആക്ടിലെ ചട്ടങ്ങൾക്ക് അനുസരിച്ചായിരിക്കണം തിരഞ്ഞെടുപ്പ് നടത്തുക. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചാൽ ഉടൻ തിരഞ്ഞെടുക്കപ്പെട്ട മേയർ , ചെയർമാൻ എന്നിവർ വരണാധികാരി മുൻപാകെയും ഡെപ്യൂട്ടി മേയർ , വൈസ് ചെയർമാൻ എന്നിവർ മേയർ , ചെയർമാൻ മുൻപാകെയും സത്യപ്രതിജ്ഞ , ദൃഢപ്രതിജ്ഞ ചെയ്തു രജിസ്റ്ററിൽ ഒപ്പ് വെയ്ക്കും.

ഡെപ്യൂട്ടി മേയർ തെരെഞ്ഞെടുപ്പുകളിൽ എൻ.ഡി.എ പക്ഷത്തു നിന്ന് വിനോദ് പൊള്ളാഞ്ചേരി മേയർ സ്ഥാനാർത്ഥിയായും പൂർണ്ണിമ സുരേഷ് ഡെപ്യൂട്ടി മേയറായും മത്സരിക്കും. കൊക്കാല ഡിവിഷനിൽ നിന്ന് ജയിച്ച വിനോദ് പൊള്ളാഞ്ചേരി 2010 - 2015 വർഷത്തിൽ കോർപറേഷനിൽ ബിജെപി പാർലമെന്ററി പാർട്ടി നേതാവായിരുന്നു. തേക്കിൻകാട് നിന്ന് വിജയിച്ച പൂർണ്ണിമ സുരേഷ് രണ്ടാം തവണയാണ് കൗൺസിലറായി തെരെഞ്ഞെടുക്കപ്പെടുന്നത്.