കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നഗര സഭ ചെയർപേഴ്സണും വൈസ് ചെയർമാനും ഇന്ന് അധികാരമേൽക്കും.വൈസ് ചെയർമാൻ സ്ഥാനത്തേക്ക് ഉച്ചതിരിഞ്ഞ് നടക്കുന്ന തിരഞ്ഞെടുപ്പ് പ്രക്ഷ്യുഭ്ക്തമാകും. ഒരംഗമുള്ള കോൺഗ്രസ് അംഗത്തിന്റെ നിലപാട് എൽ.ഡി.എഫിനോ ബി.ജെ.പി ക്കോ നിർണായകമാകും. എൽ.ഡി.എഫിലെ സി.പി. എം നേതാവും മുൻ നഗരസഭ ചെയർമാനായിരുന്ന കെ.ആർ ജൈത്രനാണ് വൈസ് ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കുന്നത്.കഴിഞ്ഞ കൗൺസിലിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായിരുന്ന കെ.എസ് കൈസാബിന്റെ പേരായിരുന്നു വൈസ് ചെയർമാൻ സ്ഥാനത്തേക്ക് ആദ്യം പറഞ്ഞ് കേട്ടിരുന്നതെങ്കിലും സി.പി.എം നേതൃത്വം അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. ടി.എസ് സജീവനാകും ബി.ജെ.പിയിൽ നിന്നും വൈസ് ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കുക.പടാകുളം 40-ാം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സജീവൻ ബി ജെ പി മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി കൂടിയാണ്.
ചെയർപേഴ്സണായി എം.യു ഷിനിജ ചുമതലയേൽക്കും
44 അംഗ കൺസിലിൽ എൽ.ഡി.എഫ് 22 പേരും ബി.ജെ.പിയിൽ 21 പേരുമാണ് ഉള്ളത്. കോൺഗ്രസിന് ഒരംഗവും. ചാപ്പാറ 14-ാം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എൽ.ഡി.എഫിലെ സി.പി.ഐ അംഗം എം.യു ഷിനിജ ടീച്ചറാണ് ചെയർപേഴ്സണായി ചുമതലയേൽക്കുന്നത്. ചെയർപേഴ്സൺ സ്ഥാനം പട്ടികജാതി വനിതക്ക് സംവരണം ചെയ്തിരിക്കുന്നതിനാൽ ഈ സ്ഥാനത്തേക്ക് മത്സരം ഉണ്ടാകില്ല. ബി.ജെ.പിയിൽ ഒരാൾ പോലും പട്ടികജാതി വനിതയില്ലാത്തതാണ് മത്സരം ഒഴിവായത്. രാവിലെ 11നാണ് തിരഞ്ഞെടുപ്പും സ്ഥാനമേൽക്കൽ ചടങ്ങും നടക്കുന്നത്.