പുന്നയൂർക്കുളം: നാട്ടാന പരിപാലനചട്ടം ലംഘിച്ച് ആനയെ പ്രകടനത്തിൽ പങ്കെടുപ്പിച്ചതിന് പുന്നയൂർക്കുളം മുൻപഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്. കഴിഞ്ഞ 19ന് അണ്ടത്തോട് നടന്ന ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് ആഹ്ലാദപ്രകടത്തിൽ ചട്ടംലംഘിച്ച് ആനയെ പങ്കെടുപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പ് കേസെടുത്തത്. മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.ഡി. ധനീപ്, ഒന്നാംപാപ്പാൻ കോഴിക്കോട് വെള്ളിമന സ്വദേശി കെ.സൈനുദീൻ, രണ്ടാംപാപ്പാൻ തിരൂർ തൃപ്പങ്ങോട് സ്വദേശി ജാബറിൽ എന്നിവരുടെ പേരിലാണ് കേസ്. രജിസ്റ്റർചെയ്ത ഉത്സവങ്ങൾക്ക് മാത്രമാണ് ആനയെ എഴുന്നള്ളിക്കാൻ അനുവാദമുള്ളത്. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് നൂറ് കണക്കിന് ആളുകളാണ് പ്രകടനത്തിൽ പങ്കെടുത്തത്.