 
കയ്പമംഗലം: സമൂഹത്തിലെ എല്ലാവരെയും കൂടപ്പിറപ്പുകളായി കാണുന്ന മനസ് നമുക്കുണ്ടെങ്കിലെ സാഹോദര്യഭാവത്തിന് പ്രസക്തിയുണ്ടാവുകയുള്ളുവെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. സേവാഭാരതി പെരിഞ്ഞനം തലചായ്ക്കാനൊരിടം പദ്ധതി പ്രകാരം നിർമ്മിച്ചു നൽകുന്ന ആദ്യവീടിന്റെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വളർന്നുവരുന്ന കുട്ടികളിൽപോലും എനിക്കെന്ത് കിട്ടുമെന്ന ചിന്തയാണ് മുഴച്ചുനിൽക്കുന്നത്. മറിച്ച് ഞാൻ എന്തു സമൂഹത്തിന് വേണ്ടി ചെയ്യും എന്ന ചിന്തയാണ് വളർന്നുവരേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പെരിഞ്ഞനം എൻ.എസ്.എസ്.ഹാളിൽ നടന്ന ചടങ്ങിൽ സേവാഭാരതി പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ വരദ അദ്ധ്യക്ഷത വഹിച്ചു. സേവാഭാരതി ജില്ലാ പ്രസിഡന്റ് ഡോ.പി. വിവേകാനന്ദൻ, റിട്ട.എസ്.പി. സതീശ്‌ചന്ദ്രൻ, ആർ.എസ്.എസ്.സംസ്ഥാന സഹകാര്യവാഹക് ടി.എൻ. ഈശ്വരൻ, തൃശൂർ ജില്ല സേവാപ്രമുഖ് കെ.ആർ. ദേവദാസ്, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡന്റ് പി. പവിത്രൻ, പെരിഞ്ഞനം യൂണിറ്റ് സെക്രട്ടറി കെ.കെ. ബാബുരാജൻ എന്നിവർ സംസാരിച്ചു.