 
തൃശൂർ: തൃശൂർ നഗരത്തിൽ ഒരുപാട്‌പേർ രാത്രി ഭക്ഷണം കഴിക്കാതെ ഉറങ്ങുന്നുണ്ട്. ഈ അത്താഴപട്ടിണിക്കാരെ കണ്ടെത്തി അവർക്ക് സൗജന്യഭക്ഷണപൊതി കൊടുക്കുകയാണ് യെസ് ഇന്ത്യ ഫൗണ്ടേഷൻ പ്രവർത്തകർ. എന്നും വൈകുന്നേരം 6 മണിക്കുശേഷം വെസ്റ്റ്‌ഫോർട്ട് ജംഗ്ഷൻ, വടക്കെ സ്റ്റാൻഡ്, പുത്തൻപള്ളി പരിസരം, കമ്മീഷണറുടെ ഓഫീസിനു മുൻവശം, ശക്തൻ സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് ഭക്ഷണപൊതികൾ നൽകുന്നത്. പൂത്തോൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന യെസ് ഇന്ത്യ ഫൗണ്ടേഷൻ എന്ന പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റാണ് അത്താഴപട്ടിണിക്കാരെ കണ്ടെത്തി അർഹരായവർക്ക് ഭക്ഷണപൊതികൾ നൽകുന്നത്. ഭക്ഷണപൊതിയിൽചോറും സാമ്പാറും കൂട്ടുകറിയും അച്ചാറും ഒക്കെ ഉണ്ടാകും.
യെസ് ഇന്ത്യ ഫൗണ്ടേഷനിൽ സമൂഹത്തിന്റെ വിവിധമേഖലയിലുള്ളവർ അംഗങ്ങളാണ്. അഭിഭാഷകർ, ഗുമസ്തന്മാർ, ബിസിനസുകാർ, സർക്കാർ ജീവനക്കാർ,ഡോക്ടർമാർ, കൂലിപണിക്കാർ, വ്യാപാരികൾ, സെയിൽ റെപ്രസന്റേറ്റീവുമാർ,പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റ്, വിദ്യാർത്ഥികൾ എന്നീമേഖലയിലുള്ളവരും ഉണ്ട്. ഭക്ഷണപൊതികൾ തയ്യാറാക്കുന്നതിന് അരിയും, പലവ്യജ്ഞനങ്ങളും സ്ഥാപനങ്ങളും, വ്യക്തികളും എത്തിച്ചു തരാറുണ്ടെന്ന് യെസ് ഇന്ത്യ ഫൗണ്ടേഷൻ ചെയർമാൻ അഡ്വ: കെ. കെ. രാമദാസ് പറഞ്ഞു.
രണ്ട് വർഷം മുമ്പാണ് യെസ് ഇന്ത്യ ഫൗണ്ടേഷൻ ചാരിറ്റബിൾ സൊസൈറ്റിയായി തുടങ്ങിയത്. കഴിഞ്ഞ ജനുവരിയിൽ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റായി മാറി. കഴിഞ്ഞ ആറ് മാസക്കാലമായി ദിവസവും മുടങ്ങാതെ ഭക്ഷണപൊതികൾ എത്തിക്കാറുണ്ട്. പിറന്നാളുകൾക്കും, മരിച്ചവരുടെ ഓർമ്മദിനത്തിൽ പായസം അടക്കം ഭക്ഷണപൊതികൾ ബന്ധുക്കൾ തയ്യാറാക്കി ട്രസ്റ്റ് ഓഫീസിൽ എത്തിക്കാറുണ്ട്. ട്രസ്റ്റിന്റെ ഓഫീസിൽ കൊണ്ടുവന്നു കൊടുത്താൽ ഫൗണ്ടെഷൻ പ്രവർത്തകർ ബോക്‌സുകളിലാക്കി വിതരണം നടത്തും. ദിവസവും പത്തിലധികം പ്രവർത്തകർ ഭക്ഷണപൊതികൾ കൊണ്ടുകൊടുക്കുവാൻ ഉണ്ടാകും.അഡ്വ: കെ. കെ. രാമദാസ് ചെയർമാനും, സി. എ. അഭിലാഷ് വൈസ് ചെയർമാനും, ടി. വി. ശ്രീനിവാസൻ സെക്രട്ടറിയും, ഹിമേഷ് നാടാർജോ: സെക്രട്ടറിയും, റോബിൻ അയ്യഞ്ചിറ ട്രഷററുമായിട്ടുള്ളവരാണ് യെസ് ഇന്ത്യ ഫൗണ്ടേഷൻ ഭാരവാഹികൾ.വിവരങ്ങൾക്ക്: 99 47 24 84 24