തൃശൂർ: ജില്ലയിൽ മയക്കുമരുന്ന് ഉപഭോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കർശന നടപടികളുമായി തൃശൂർ സിറ്റി പൊലീസ് രംഗത്ത്. സിറ്റി പൊലീസും കെ.9 സ്ക്വാഡും (ഡോഗ് സ്ക്വാഡ്) ചേർന്നാണ് നഗരത്തിലും ജില്ലയിലെ വിവിധ സ്ഥലങ്ങളിലും പരിശോധന നടത്തിയത്.
വിയ്യൂർ എസ്. ഐ ജയചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പൂമല മൃഗാശുപത്രിക്കു സമീപം വലിയവിരുപ്പിൽ സനുവിന്റെ (27) വീട്ടിൽ നിന്ന് 250 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. വടക്കാഞ്ചേരി സി.ഐ. മാധവൻകുട്ടിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ വില്പന നടത്താൻ സൂക്ഷിച്ച 7 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. കുമരനെല്ലൂർ സ്വദേശിനി മന്തിയിൽ നഫീസയ്ക്കെതിരെ (65) കേസെടുത്തു. ശക്തമായ നടപടികൾ തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ആർ. ആദിത്യ അറിയിച്ചു.