
തൃശൂർ: കോർപറേഷൻ മേയർ സ്ഥാനാർത്ഥിയായി കോൺഗ്രസ് വിമതൻ എം.കെ. വർഗീസിനെയും ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥിയായി സി.പി.എമ്മിലെ രാജശ്രീ ഗോപനെയും എൽ.ഡി.എഫ് പ്രഖ്യാപിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ വർഗീസിനെയും രാജശ്രീയെയും ഒരുമിച്ചിരുത്തി എൽ.ഡി.എഫ് നേതാക്കൾ നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. കോൺഗ്രസ് വിമതനായി മത്സരിച്ച് വിജയിച്ച വർഗീസിന് ആദ്യത്തെ രണ്ടുവർഷം നൽകാനാണ് തീരുമാനം. തുടർന്നുള്ള മൂന്നുവർഷം സി.പി.എമ്മും സി.പി.ഐയും മേയർസ്ഥാനം പങ്കിടും. ഭരണനിയന്ത്രണം കൈവിടാതിരിക്കാനാണ് സി.പി.എം ഡെപ്യൂട്ടി മേയർ പദവി ഏറ്റെടുത്തത്. പാർലമെന്ററി പാർട്ടി ലീഡറായി സി.പി.ഐയിലെ സാറാമ്മ റോബ്‌സണാണ് സാദ്ധ്യത.നെട്ടശേരി ഡിവിഷനിൽ നിന്നാണ് എം.കെ. വർഗീസ് വിജയിച്ചത്. നിരവധിതവണ കൗൺസിലർ ആയിട്ടുള്ള വർഗീസ് ജവഹർ ബാലഭവന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. വർഗീസ് പിന്തുണച്ചതോടെ എൽ.ഡി.എഫിന്റെ അംഗബലം 25 ആയി. സ്ഥാനാർത്ഥിയുടെ മരണത്തെത്തുടർന്ന് മാറ്റിവച്ച പുല്ലഴി സീറ്റിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചാലും വർഗീസിന്റെ പിന്തുണ ഉള്ളതിനാൽ എൽ.ഡി.എഫിനു ഭരണം നഷ്ടമാകില്ല. എൽ.ഡി.എഫിന്റെ ഭരണതുടർച്ചയുടെ ഭാഗമായി ജനകീയ വികസനപദ്ധതികളുമായി മുന്നോട്ടുപോകുമെന്ന് എം.എം. വർഗീസ് പറഞ്ഞു.സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, മന്ത്രിമാരായ എ.സി. മൊയ്തീൻ, വി.എസ്. സുനിൽകുമാർ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.കെ. കണ്ണൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ഷാജൻ, സി.പി.ഐ ജില്ലാ അസി. സെക്രട്ടറി പി. ബാലചന്ദ്രൻ, കൗൺസിലർ രാജശ്രീ ഗോപൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
കോൺഗ്രസ് തീരുമാനം ഇന്ന്
ഇന്ന് രാവിലെ 9ന് കൗൺസിലർമാരുടെ യോഗത്തിനുശേഷം മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്നവരെ കോൺഗ്രസ് പ്രഖ്യാപിക്കും. ആറ് കൗൺസിലർമാരുള്ള എൻ.ഡി.എ ഇരുമുന്നണികളെയും പിന്തുണയ്ക്കില്ല.
കക്ഷിനില
54 ഡിവിഷനുകളുള്ള കോർപ്പറേഷനിൽ എൽ.ഡി.എഫ് 24, യു.ഡി.എഫ് 23, എൻ.ഡി.എ 6, കോൺഗ്രസ് വിമതൻ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. രാവിലെ പതിനൊന്നിനാണ് തിരഞ്ഞെടുപ്പ്.