
ഗുരുവായൂർ: ചെയർമാൻ സ്ഥാനത്തെ ചൊല്ലി സി.പി.എം-സി.പി.ഐ പോര്. ചെയർമാൻ സ്ഥാനം ഒരു വർഷം സി.പി.ഐക്ക് നൽകുന്ന കീഴ്‌വഴക്കം തുടരാനാവില്ലെന്ന സി.പി.എം. നിലപാടാണ് തർക്കത്തിന് വഴിവെച്ചത്. ഇത്തവണ കൗൺസിലിൽ സി.പി.എമ്മിന് തനിച്ച് ഭൂരിപക്ഷമുളള സാഹചര്യത്തിലാണ് കീഴ്‌വഴക്കങ്ങൾ മാറിയത്. തുടർച്ചയായി അഞ്ച് വർഷം വികസന സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനം സി.പി.ഐക്ക് നൽകുന്ന പതിവും തുടരാനാവില്ലെന്ന് സി.പി.എം നിലപാടെടുത്തു. ഞായറാഴ്ച ഉച്ചക്ക് സി.പി.എം ഓഫിസിൽ നിശ്ചയിച്ച എൽ.ഡി.എഫ് യോഗത്തിലേക്ക് സി.പി.ഐ മണ്ഡലം അസി. സെക്രട്ടറിമാരായ പി.എസ്. ജയൻ, സി.വി. ശ്രീനിവാസൻ, ലോക്കൽ സെക്രട്ടറി കെ.എ. ജേക്കബ് എന്നിവർ എത്തിയിരുന്നു. കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ, എം. കൃഷ്ണദാസ്, സി. സുമേഷ്, ടി.ടി. ശിവദാസൻ എന്നിവരായിരുന്നു സി.പി.എമ്മിനെ പ്രതിനിധീകരിച്ചത്. ചെയർമാൻ സ്ഥാനം പങ്കുവെക്കുന്നത് ചർച്ചയിലില്ലെന്ന് വ്യക്തമാക്കിയതോടെ സി.പി.ഐ പ്രതിനിധികൾ തങ്ങൾ ചർച്ച തുടരുന്നില്ലെന്നറിയിച്ച് ഇറങ്ങിപ്പോയി. സി.പി.എം ഇടപെട്ട് വൈകിട്ട് വീണ്ടും സി.പി.ഐയുമായി ചർച്ച നടത്തിയെങ്കിലും ഒരു വർഷം ചെയർമാൻ സ്ഥാനം പങ്കുവെക്കില്ലെന്ന് വീണ്ടും വ്യക്തമാക്കിയതോടെ ഒത്തുതീർപ്പ് വഴി മുട്ടി. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് ഭൂരിപക്ഷമില്ലാത്തതിനാൽ ഭരണം നിലനിർത്താൻ തങ്ങളാണ് വിട്ടുവീഴ്ച ചെയ്തതെന്ന് സി.പി.എം ഓർമിപ്പിച്ചു. ജില്ല നേതൃത്വവുമായി ബന്ധപ്പെട്ട് നിലപാടറിയിക്കാമെന്ന് സി.പി.ഐ പ്രതിനിധികൾ പറഞ്ഞു.