congress

തൃശൂർ: അധികാര മോഹം കത്തി കയറിയപ്പോൾ കോൺഗ്രസിനു രണ്ടാം തവണയും കോർപ്പറേഷൻ ഭരണം നഷ്ടപെട്ടു. സീറ്റിന് കടിപിടി കൂടി മത്സര രംഗത്ത് ഇറങ്ങിയ പലരും പരാജയം രുചിച്ചപ്പോൾ ഉറപ്പെന്നു വിധി എഴുതിയ ഭരണമാണ് കൈവിട്ടത്. അവസാന നിമിഷം വിമതനായി മത്സരിച്ചു ജയിച്ച ആളെ കൂടെ നിർത്താൻ ആത്മാർത്ഥമായ പരിശ്രമം പോലും നേതൃത്വം നടത്താതെ എൽ.ഡി.എഫിന് മുന്നിൽ കീഴടങ്ങി ഒരിക്കൽ കൂടി പ്രതിപക്ഷ ബഞ്ചിൽ ഇരിക്കേണ്ടി വന്നു. 2015 ൽ ഉറപ്പായ തുടർഭരണം നഷ്ടപെട്ടപ്പോൾ ഇത്തവണ ഭൂരിഭാഗം പേരും കോൺഗ്രസ്‌ കോർപ്പറേഷൻ ഭരണം തിരിച്ചു പിടിക്കുമെന്ന് പ്രവചിച്ചെങ്കിലും കപ്പിനും ചുണ്ടിനും ഇടയിൽ ഒരിക്കൽ കൂടി ഭരണം തട്ടി തെറിച്ചു. കഴിഞ്ഞ തവണയും ഇക്കുറിയും ഗ്രൂപ്പ് പോരും വിമതരും തന്നെയാണ് കോൺഗ്രസ്‌ പ്രതീക്ഷിച്ച വിജയം തെറിപ്പിച്ചത്. ശക്തരായ ആറ് വിമതർ രംഗത്ത് ഉണ്ടായിരുന്നു. ഇതിൽ ഒരാളെ വിജയിച്ചു ഉള്ളൂ എങ്കിലും അത് കഴിഞ്ഞ തവണത്തെക്കാൾ നിർണായകമായി. ഗാന്ധി നഗർ, കിഴക്കുമ്പാട്ടുകാര, നെട്ടിശ്ശേരി ഡിവിഷനുകളെ ചൊല്ലി അവസാന നിമിഷം ഉയർന്നു വന്ന വിവാദങ്ങളാണ് കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചത്. ഇതിൽ നെട്ടിശ്ശേരി ഒഴിച്ചു മറ്റ് രണ്ടു സീറ്റുകളും കോൺഗ്രസ്‌ നേടിയെങ്കിലും നെട്ടിശ്ശേരി വിമതൻ നേടിയതോടെ ചിത്രം മാറി മറിയുകയായിരുന്നു. കഴിഞ്ഞ തവണ വിജയിച്ച അയ്യന്തോൾ ഡിവിഷനിൽ ഇത്തവണ മത്സരിച്ച എ. പ്രസാദിന്റെ തോൽവിയും ജോൺ ഡാനിയേൽ കഴിഞ്ഞ തവണ വിജയിച്ച പാട്ടുരായ്ക്കൽ നഷ്ടപ്പെട്ടതും കനത്ത തിരിച്ചടിയായി. രണ്ടിടത്തും ബി.ജെ.പി. ആണ് വിജയിച്ചത്. നെട്ടിശ്ശേരിയിൽ വർഗീസ് കൈപ്പത്തി ചിഹ്നം വരച്ചു പ്രചാരണം ആരംഭിച്ചതിനു ശേഷം ആണ് അദ്ദേഹത്തെ മാറ്റി ബൈജു വർഗീസിനെ അവിടെ സ്ഥാനാർത്ഥിയാക്കിയത്. എന്നിട്ടും പന്ത് അടയാളത്തിൽ മത്സരിച്ചു കോൺഗ്രസ്‌ ഔദ്യോഗിക സ്ഥാനാർത്ഥിയെ തോൽപിച്ചു വർഗീസ് വിജയം നേടി. 38 വോട്ടിന്റെ ഭൂരിപക്ഷം ആണ് വർഗീസിന് ലഭിച്ചത്. ഒടുവിൽ കോൺഗ്രസ്‌ വിമതനെ റാഞ്ചിയെടുത്ത് മേയർ സ്ഥാനം നൽകിയാണ് എൽ.ഡി.എഫ് ഭരണത്തുടർച്ച നേടിയത്.