prasad
എ.പ്രസാദ്

തൃശൂർ: അയ്യന്തോൾ ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എ. പ്രസാദിന്റെ തോൽവിയെച്ചൊല്ലി തൃശൂർ കോർപ്പറേഷൻ കോൺഗ്രസിലെ കലാപം രൂക്ഷമാകുന്നു. തോൽവിയെപ്പറ്റി എ. പ്രസാദ് ഫേസ് ബുക്കിൽ പോസ്റ്റിട്ടതോടെയാണ് ചർച്ചയ്ക്ക് ചൂടേറിയത്. കോൺഗ്രസിന്റെ സിറ്റിംഗ് ഡിവിഷനിൽ 73 വോട്ടുകൾക്കാണ് എ. പ്രസാദ് തോൽവി അറിഞ്ഞത്. എൻ.ഡി.എ സ്ഥാനാർത്ഥിയായ പ്രസാദ് എൻ ആണ് ഇവിടെ വിജയിച്ചത്. പേരിലെ സാമ്യവും വോട്ടിൽ പ്രതിഫലിച്ചതായി വേണം കരുതാൻ. തൃശൂർ കോർപ്പറേഷനിൽ ഏറെ ജയസാധ്യതയുണ്ടായിരുന്ന ഡിവിഷനിലെ സ്ഥാനാർത്ഥിയുടെ തോൽവി കോൺഗ്രസിൽ വലിയ ചർച്ചയായിരിക്കയാണ്. ഐ ഗ്രൂപ്പിലെ തൃശൂർ കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടപ്പെട്ട നേതാവാണ് കെ.പി.സി.സി സെക്രട്ടറി കൂടിയായ എ.പ്രസാദ്. തൃശൂർ കോർപ്പറേഷനിൽ യു.ഡി.എഫ് അധികാരത്തിലെത്തിയാൽ രണ്ടര വർഷത്തേക്ക് എ, ഐ ഗ്രൂപ്പുകൾ മേയർ സ്ഥാനം പങ്കിടാനായിരുന്നു പദ്ധതി. എ. പ്രസാദിന്റെ തോൽവി ഫലത്തിൽ തൃശൂർ കോർപ്പറേഷനിൽ കോൺഗ്രസിന് ഭരണം നഷ്ടമാകാനും കാരണമായി. കെ.പി.സി.സി ഭാരവാഹികളുടെ യോഗത്തിൽ തോൽവി പ്രധാന ചർച്ചയാക്കാനാണ് ഐ ഗ്രൂപ്പ് തീരുമാനം. ഫേസ് ബുക്ക് പോസ്റ്റ് ചർച്ചയായതോടെ കൂടുതൽ വിശദീകരണവുമായി ഐ ഗ്രൂപ്പും എ.പ്രസാദും രംഗത്തെത്തി.

പ്രചരണത്തിൽ ഏറെ മുമ്പിൽ

അയ്യന്തോൾ ഡിവിഷനിൽ സ്ഥാനാർത്ഥിയെച്ചൊല്ലി കോൺഗ്രസിനകത്ത് തർക്കങ്ങളില്ലായിരുന്നു. നേരത്തെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രചരണത്തിൽ ഏറെ മുമ്പിലെത്തിയിരുന്നു എ. പ്രസാദ്. സിറ്റിംഗ് കൗൺസിലറായതിനാൽ മണ്ഡലത്തിലെ ആളുകൾക്ക് സുപരിചതനുമായിരുന്നു.

പ്രമുഖ നേതാക്കൾ സഹായിച്ചു, ചിലർ അവഗണിച്ചു

ശക്തമായ ത്രികോണ മത്സരം നടന്ന ഡിവിഷനിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ടി.എൻ പ്രതാപൻ എം.പി, എം.പി വിൻസെന്റ്, അനിൽ അക്കര എം.എൽ.എ എന്നിവരുടെ നിർല്ലോഭമായ സഹകരണം ലഭിച്ചതായി എ.പ്രസാദ് പറഞ്ഞു. രമേശ് ചെന്നിത്തലയും പ്രചരണത്തിനായി മണ്ഡലത്തിലെത്തി. തൃശൂരിലെ ചില മുതിർന്ന നേതാക്കൾ മന:പൂർവം അവഗണിച്ചു. അവരുടെ നിസഹകരണം തിരിച്ചടിയായി.

തോൽവിക്ക് പിറകിൽ മുൻ വനിതാ കൗൺസിലർ

എ.പ്രസാദിന്റെ തോൽവിക്ക് പിറകിൽ പ്രവർത്തിച്ചത് മുൻ വനിതാ കൗൺസിലറായ കോൺഗ്രസ് നേതാവാണെന്നാണ് ഐ ഗ്രൂപ്പിന്റെ ആരോപണം. പ്രസാദിനെതിരെ ചില ദുഷ്പ്രചരണങ്ങൾ ബോധപൂർവം അവർ പ്രചരിപ്പിച്ചു.

ശക്തികേന്ദ്രമായ ബൂത്തിൽ 100 വോട്ടുകൾ പുറകിൽ

ഡിവിഷനിലെ ശക്തികേന്ദ്രമായ ബൂത്തിൽ പിറകിൽ പോയതാണ് പ്രസാദിന്റെ തിരിച്ചടിക്ക് കാരണമായതെന്ന് ഐ ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു. രണ്ടാം ബൂത്തിൽ 100 വോട്ടുകൾക്ക് താഴേയായിരുന്നു പ്രസാദ്. ശക്തികേന്ദ്രത്തിൽ വോട്ടുകൾ പിറകിലായത് കോൺഗ്രസിനകത്തെ ചിലർ ബോധപൂർവം പ്രവർത്തിച്ചതിനാലാണെന്ന് വ്യക്തം.