seetha
സീതാ രവീന്ദ്രൻ

കുന്നംകുളം: 78 വർഷത്തെ നഗരസഭയുടെ ചരിത്രത്തിൽ തുടർച്ചയായി രണ്ടു തവണ ചെയർപേഴ്‌സൻ പദവി അലങ്കരിക്കുന്ന അപൂർവ സൗഭാഗ്യത്തിന് ഉടമയായി കുന്നംകുളം നഗരസഭ ചെയർപേഴ്‌സണായി വീണ്ടും സീതാ രവീന്ദ്രൻ. 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ചെയർമാൻ പദവി സ്ത്രീ സംവരണമായിരുന്നുവെങ്കിൽ 2020 ൽ ചെയർമാൻ പദവി ജനറൽ വിഭാഗത്തിനായിരുന്നു.
1995 ൽ ചൊവ്വന്നൂർ പഞ്ചായത്ത് മെമ്പറായാണ് സീതാ രവീന്ദ്രൻ പാർലമെന്ററി രാഷ്ട്രീയത്തിലെത്തുന്നത്. പോർക്കളങ്ങാട് ഉൾപ്പെടുന്ന ഭാഗം നഗരസഭയോട് ചേർക്കപ്പെട്ടതോടെ 2000 മുതൽ 2010 വരെ രണ്ടു തവണ കൗൺസിലറായിരുന്നു. 2010 ൽ മത്സരിച്ചില്ല. പിന്നീട് 2015 ൽ വീണ്ടും കൗൺസിലറായി നഗരസഭ ചെയർപേഴ്‌സനായി. 2020 ൽ നഗരസഭ ചീരംകുളം 24ാം വാർഡിൽ നിന്നുമാണ് കൗൺസിലറായത്.

37 അംഗ കൗൺസിലിൽ 19 വോട്ടുകൾ നേടിയാണ് സീതാ രവീന്ദ്രൻ ചെയർപേഴ്സണായത്. വോട്ടെടുപ്പിൽ ബി.ജെ.പിയിലെ കെ.കെ മുരളി 8 വോട്ടുകളും യു.ഡി.എഫിലെ ബിജു.സി.ബേബി 7 വോട്ടുകളും നേടി. ജില്ലാ മണ്ണു സംരക്ഷണ ഓഫീസർ പി.ഡി സിന്ധു വരണാധികാരിയായി.
വികസന തുടർച്ചയാണ് ലക്ഷ്യമെന്ന് സത്യപ്രതിജ്ഞയ്ക്കു ശേഷം സീതാ രവീന്ദ്രൻ പറഞ്ഞു. കൗൺസിലിൽ രാഷ്ട്രീയമില്ല. എല്ലാവരും കൂട്ടായി നിന്ന് ഒട്ടേറെ വികസന പ്രവർത്തനങ്ങൾ ചെയ്യാനുണ്ടെന്നും അവർ പറഞ്ഞു. വോട്ടെടുപ്പിനു ശേഷം തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി എ.സി മൊയ്തീൻ ചെയർപേഴ്‌സനെ അഭിനന്ദിക്കാൻ കൗൺസിൽ ഹാളിൽ നേരിട്ടെത്തി.