varghees
ഇനി ചുവപ്പിലൂടെ ...തൃശൂർ കോർപറേഷൻ മേയറായി സത്യപ്രതിജ്ഞ ചെയ്ത കോൺഗ്രസ് വിമതൻ എം.കെ വർഗീസിനെ ചുവന്ന ഷാൾ അണിയിക്കുന്ന സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗീസ്

തൃശൂർ: തൃശൂരിനെ കാക്കാൻ ഇനി മുൻ പട്ടാളക്കാരൻ. നെട്ടിശേരി ഡിവിഷനിൽ നിന്ന് വിജയിച്ച എം.കെ.വർഗ്ഗീസ് തൃശൂരിന്റെ മേയറാകുന്നത് തികച്ചും അപ്രതീക്ഷതമായി. കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സര രംഗത്ത് ഇറങ്ങുകയും ഗ്രൂപ്പ് വീതം വെപ്പിൽ അവസാന നിമിഷം അവസരം നിഷേധിക്കപ്പെട്ട വർഗീസ് സ്വതന്ത്രനായി മത്സരിച്ച് ജയിച്ചാണ് കൗൺസിലറായത്. എന്നാൽ ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത കൗൺസിലിൽ വർഗീസിന്റെ പിൻതുണ ലഭിച്ചാൽ മാത്രമെ ആർക്കും ഭരണം നിലനിർത്താൻ സാധിക്കുവെന്ന സ്ഥിതി വന്നതോടെ വർഗീസ് മേയർ സ്ഥാനം ആവശ്യപ്പെട്ട് രംഗത്ത് വന്നു. ഇടതുപക്ഷം വർഗീസിനെ സ്വന്തം പാളയത്തിലെത്തിച്ച് മേയർ സ്ഥാനം നൽകി ഭരണം ഉറപ്പിക്കുകയായിരുന്നു. മേനാച്ചരി പരേതരായ കൊച്ചാപ്പു മറിയം ദമ്പതികളുടെ അഞ്ചുമക്കളിൽ മൂത്തമകനായി 1956 ൽ ജനനം. സഹോദരങ്ങൾ ആൻഡ്രൂസ് ,പോൾ,ഡിക്‌സൺ,ബേബി ജോസ് എന്നിവരാണ്. ഭാര്യ.ലിസി സഹകരണബാങ്കിൽ നിന്നും വിരമിച്ച് ഇപ്പോൾ ഗൃഹഭരണം. ഇവർക്ക് മക്കളില്ല.
എൽ.പി.പഠനം മണ്ണുത്തി സി.എം.എസ്.സ്‌കൂളിലും ഹൈസ്‌കൂൾ പഠനം വി.വി.എസ്.സ്‌കൂളിലുമായിരുന്നു. എറണാകുളം ഫിഷറീസ് ടെക്‌നിക്കൽ സ്‌കൂളിൾ അഗ്രികൾച്ചർ കോഴ്‌സ് പഠിച്ചു. 1975 ൽ മിലിട്ടറിയിൽ ചേർന്നു. ഫയർ പരിശീലനം നേടിയിരുന്നു. 1986 ൽ പട്ടാളത്തിൽ നിന്നും വിരമിച്ചു.
പിന്നീട് കോൺഗ്രസ് പാർട്ടിയിൽ പ്രവർത്തനം തുടങ്ങി. 1995 ൽ ഒല്ലൂക്കര പഞ്ചായത്തംഗമായി വിജയിച്ചു. 2000ലും 2010 ലും കോർപ്പറേഷൻ കൗൺസിലറായിരുന്നു. ബിസിനസ് രംഗത്ത് കുറെനാൾ ഉണ്ടായിരുന്നു. തുടർന്ന് മുഴുവൻ സമയം രാഷ്ടീയത്തിലേക്കിറങ്ങി.പാർട്ടിയുടെ ഒരു ഭാരവാഹിയുമാകാതെ സജീവമായി പ്രവർത്തിച്ചു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിൽ പ്രാവിണ്യമുണ്ട്. വീടിനു സമീപത്തെ താമസക്കാർക്ക് കുടിവെള്ളം കിട്ടാതെ വന്നപ്പോൾ ജനസേവന സമിതി രൂപീകരിച്ച് പ്രവർത്തനം നടത്തിയാണ് പൊതുരംഗത്ത് കൂടുതൽ സജീവമായത്. വർഷങ്ങളായി ജനസേവന സമിതിയുടെ പ്രസിഡന്റാണ്. ആക്ടസിന്റെ ജില്ലാപ്രസിഡന്റ് കൂടിയാണ്.

കോൺഗ്രസിന് നന്ദി പറഞ്ഞ് എം.കെ.വർഗീസ്

തന്നെ ഈ പദവിൽ എത്തിച്ചതിനു കോൺഗ്രസിന് നന്ദി പറഞ്ഞ് പുതിയ മേയർ എം.കെ.വർഗീസ്. തനിക്ക് സീറ്റ് നിഷേധിച്ചതും താൻ സ്വതന്ത്രനായി നിന്ന് മത്സരിച്ച് ജയിക്കാൻ കാരണമായതും കോൺഗ്രസാണ്. തനിക്ക് നന്ദി പറയാനുള്ളത് തന്റെ ഡിവിഷനിലെ വോട്ടർമാർക്കാമെന്നും ചുമതലയേറ്റ ശേഷം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇടതു പക്ഷത്തിനുള്ള നന്ദിയും മേയർ അറിയിച്ചു.

ഇ ടോയ്‌ലെറ്റ് സൗകര്യത്തിനും മാലിന്യനിർമ്മാർജ്ജനത്തിനും പ്രത്യേക പരിഗണന

നഗരത്തിലെത്തുന്നവർ ടോയ്‌ലറ്റ് സൗകര്യം ഇല്ലാതെ ഏറെ വലയുന്നുണ്ട്. ഇ ടോയ്‌ലെറ്റ് സൗകര്യം ഏർപ്പെടുത്തുകയെന്നതിന് പ്രഥമ പരിഗണന നൽകുമെന്ന് മേയർ പറഞ്ഞു. എൽ.ഡി.എഫിന്റെ പ്രകടന പത്രികയിലെ കാര്യങ്ങൾ സമയബന്ധിതമായി നടപ്പാക്കും. പ്രതിപക്ഷവുമായി സഹകരിച്ച് നഗരത്തിൽ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കും. രാഷ്ട്രീയ കാഴച്ചപാടോടെയുള്ള പ്രവർത്തനം ഉണ്ടാകില്ല. മാലിന്യനിർമ്മാർജ്ജനത്തിന് പ്രത്യേക പരിഗണന നൽകുമെന്നും മേയർ പറഞ്ഞു.

അനുമോദനം അർപ്പിച്ച് ഇടതു നേതാക്കൾ

കോർപറേഷൻ മേയറായി തിരഞ്ഞെടുക്കപ്പെട്ട എം.കെ.വർഗീസിനെ അനുമോദിക്കാൻ ഇടതു നേതാക്കലെത്തി. സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗീസ് ,മന്ത്രി വി.എസ്.സുനിൽ കുമാർ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.കെ.കണ്ണൻ, കൗൺസിലർമാരായ രാജൻ പല്ലൻ, വർഗീസ് കണ്ടംകുളത്തി, വിനോദ് പൊള്ളാഞ്ചേരി എന്നിവരും കൗൺസിൽ ഹാളിൽ പുതിയ മേയറെ അനുമോദിച്ചു. മേയറായി തിരഞ്ഞെടുക്കപ്പെട്ട ഉടനെ വരണാധികാരിയായ ജില്ലാ കളക്ടർ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റും. കളക്ടർ പൂച്ചെണ്ട് നൽകി അനുമോദിച്ചു.