പാവറട്ടി: സംസ്‌കൃത പ്രണയഭാജനം പി.ടി. കുരിയാക്കോസ് മാസ്റ്റർ 1909ൽ സ്വന്തം ഭവനത്തിൽ തുടങ്ങിവെച്ച പാവറട്ടി സംസ്‌കൃത കോളേജിന്റെ 111-ാം പിറന്നാൾ നാളെ ആഘോഷിക്കുമെന്ന് ആഘോഷകമ്മിറ്റി പ്രസിഡന്റ് തോമസ് പാവറട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കുരിയാക്കോസ് മാസ്റ്റർ സംസ്‌കൃത പാഠശാലയ്ക്ക് തുടക്കംകുറിച്ച പാവറട്ടിയിലെ വീട്ടുമുറ്റത്തുതന്നെയാണ് വൈകിട്ട് മൂന്നിന് പിറന്നാളാഘോഷം നടക്കുന്നത്.
62 വർഷം താൻ കഷ്ടപ്പെട്ട് സംരക്ഷിച്ച ആ സംസ്‌കൃതകോളേജ്, 1973ൽ യാതൊരു പ്രതിഫലവും വാങ്ങാതെയാണ് ഈ ഭാഷാസ്‌നേഹി കേന്ദ്രസർക്കാരിന് കൈമാറിയത്. മാസ്റ്ററുടെ ശിഷ്യരും അദ്ധ്യാപകരുമായ കവി രാധാകൃഷ്ണൻ കാക്കശേരി, കാസിം വാടാനപ്പിള്ളി, പി.എം.ആനി എന്നിവരെ ചടങ്ങിൽ ആദരിക്കും. ഗുരുവായൂർ സെന്റർ ഡയറക്ടർ പ്രൊഫ.ഇ.എം. രാജൻ അദ്ധ്യക്ഷത വഹിക്കും. കുരിയാക്കോസ് മാസ്റ്ററുടെ പൗത്രൻ ഫാ. ഡേവിസ് ചിറമ്മൽ (സീനിയർ) മുഖ്യപ്രഭാഷണം നടത്തും. ഗവ. അഡീഷണൽ സെക്രട്ടറി ഷെല്ലി പോൾ കാട്ടൂക്കാരൻ, ഫാ. ജോൺസൺ ഐനിക്കൽ, മുൻ പ്രിൻസിപ്പൽ പ്രൊഫ.കെ.പി. കേശവൻ, പ്രൊഫ.കെ.എൽ.സെബാസ്റ്റ്യൻ, പ്രൊഫ.പി.സി.മുരളി മാധവൻ, ആഘോഷകമ്മിറ്റി ചെയർമാൻ തോമസ് പാവറട്ടി, ടോംയാസ് മാനേജർ സി.ഡി. ആന്റണി, മാസ്റ്ററുടെ പൗത്രൻ കുരിയൻ പുലിക്കോട്ടിൽ എന്നിവർ സംസാരിക്കും.