 
ഗുരുവായൂർ: നഗരസഭ ചെയർമാനായി സി.പി.എമ്മിലെ എം.കൃഷ്ണദാസ് തിരഞ്ഞെടുക്കപ്പെട്ടു. സി.പി.എം ജില്ലാ കമ്മിറ്റിയംഗമായ കൃഷ്ണദാസ് ഏരിയ സെക്രടറി സ്ഥാനം രാജിവെച്ചാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നത്. എം കൃഷ്ണദാസിന്റെ പേര് 32-ാം വർഡ് കൗൺസിലർ എ.എസ് മനോജ് നിർദ്ദേശിച്ചു. 11-ാം വാർഡ് കൗൺസിലർ എ.എം ഷെഫീർ പിന്താങ്ങി. 43 അംഗ കൗൺസിലിൽ 29 വോട്ടുകൾ കൃഷ്ണദാസിന് ലഭിച്ചു. 28 എൽ.ഡി.എഫ് അംഗങ്ങളും സ്വതന്ത്രയായി വിജയിച്ച പ്രൊഫ.പി കെ ശാന്തകുമാരിയും എം കൃഷ്ണദാസിന് വോട്ട് ചെയ്തു. യു.ഡി.എഫിൽ സ്ഥാനാർത്ഥിയായി മത്സരിച്ച കോൺഗ്രസിലെ കെ.പി ഉദയന് 12 വോട്ടുകൾ ലഭിച്ചു. ബി.ജെ.പി അംഗം ജ്യോതി രവീന്ദ്രനാഥ് വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്നു. മറ്റൊരു ബി.ജെ.പി അംഗം ശോഭ ഹരിനാരായണൻ കൗൺസിൽ യോഗത്തിന് എത്തിയില്ല. തിരഞ്ഞെടുപ്പിന് ശേഷം വരണാധികാരി ഡെപ്യൂട്ടി കളക്ടർ എ.ജെ മേരി മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലി കൃഷ്ണദാസ് ചെയർമാനായി ചുമതലയേറ്റു.
ഗുരുവായൂർ നഗരസഭ വൈസ് ചെയർപേഴ്സണായി സി.പി.ഐ അംഗം അനീഷ്മ ഷനോജിനെ തിരഞ്ഞെടുത്തു. അനിഷ്മക്ക് 29 വോട്ടും എതിർ സ്ഥാനാർത്ഥി യു.ഡി.എഫിലെ മാഗി ആൽബർട്ടിന് 12 വോട്ടും ലഭിച്ചു. എൻ.ഡി.എയുടെ രണ്ട് അംഗങ്ങളും ഹാജരായില്ല. സ്വതന്ത്ര അംഗം പ്രഫ. പി കെ ശാന്തകുമാരി എൽ.ഡി.എഫിന് വോട്ട് ചെയ്തു. ഡെപ്യൂട്ടി കളക്ടർ എ.ജെ മേരി വരണാധികാരിയായി. നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് സത്യവാചകം ചൊല്ലി കൊടുത്തു