sathya-prethinja
നഗരസഭ ചെയർപേഴ്സണായി എം.യു ഷിനിജ ടീച്ചർ സത്യപ്രതിജ്ഞ ചൊല്ലുന്നു

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സണായി സി.പി.ഐയിലെ ഷിനിജ ടീച്ചറെയും വൈസ് ചെയർമാനായി സി.പി.എം ലെ കെ.ആർ ജൈത്രനെയും തിരഞ്ഞെടുത്തു. ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ കെ.ആർ ജൈത്രൻ ഷിനിജ ടീച്ചറുടെ പേര് നിർദ്ദേശിച്ചു. സി.പി.ഐ അംഗം അഡ്വ.വി.എസ് ദിനൽ പിന്താങ്ങി. പ്രധാന പ്രതിപക്ഷമായ ബി.ജെ.പിയും കോൺഗ്രസിന്റെ ഏക അംഗം വി.എം ജോണിയും യോഗത്തിൽ പങ്കെടുത്തുവെങ്കിലും വോട്ടിംഗിൽ നിന്നും വിട്ടുനിന്നു. പട്ടികജാതി വനിതാ സംവരണമായ ചെയർപേഴ്സൺ പദവിയിലേക്ക് മത്സരിക്കാൻ ബി.ജെ.പിക്ക് സ്ഥാനാർത്ഥിയില്ലാതിരുന്ന സാഹചര്യത്തിൽ ചെയർപേഴ്സൺ സ്ഥാനത്തേക്ക് വോട്ടെടുപ്പ് ഉണ്ടായില്ല. തുടർന്ന് വരണാധികാരി മുമ്പാകെ ചെയർ പേഴ്സണായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചാപ്പാറ വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എം.യു ഷിനിജ ടീച്ചർ നഗരസഭയിൽ നവാഗതയാണ്.ഉച്ചതിരിഞ്ഞ് നടന്ന വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ കെ.ആർ ജൈത്രന്റെ പേര് സി.പി.ഐ അംഗം വി.ബി രതീഷ് നിർദ്ദേശിച്ചു. സി.പി.എം കൗൺസിലർ പി.എൻ വിനയചന്ദ്രൻ പിന്താങ്ങി. ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച ടി.എസ് സജീവന്റെ പേര് രശമി ബാബു നിർദേശിച്ചു.കെ.എ സുനിൽ കുമാർ പിൻന്താങ്ങി.തിരഞ്ഞെടുപ്പിൽ കെ.ആർ ജൈത്രൻ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.44 അംഗ കൗൺസിലിൽ കെ.ആർ ജൈത്രന് 22 വോട്ടും ടി.എസ് സജീവന് 21 വോട്ടും ലഭിച്ചു. ഏക കോൺഗ്രസ് അംഗം വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.കഴിഞ്ഞ നഗരസഭ കൗൺസിലിൽ ചെയർമാനായിരുന്ന കെ.ആർ ജൈത്രൻ ഇക്കുറി ടൗൺ ഹാൾ വാർഡിൽ നിന്നു മാണ് തിരഞ്ഞെടുക്കപ്പെട്ടത്. സത്യപ്രതിജ്ഞ ചടങ്ങിൽ ഷിനിജ ടീച്ചർക്കും കെ.ആർ ജൈത്രനും ഭൂനികുതി ഡെപ്യൂട്ടി കളക്ടർ എ.പി കിരൺ സത്യവാചകം ചൊല്ലി കൊടുത്തു. ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട ഷിനിജ ടീച്ചറെയും കെ.ആർ ജൈത്രനെയും വി.ആർ സുനിൽ കുമാർ എം എൽ എ യും വിവിധ കക്ഷി നേതാക്കളും അഭിനന്ദിച്ചു.