 
തൃശൂർ: തൃശൂർ കോർപ്പറേഷൻ മേയറായി എം.കെ. വർഗീസും ഡെപ്യുട്ടി മേയറായി സി.പി.എമ്മിലെ രാജശ്രീ ഗോപനും വിജയിച്ചത് രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തിൽ . 54 അംഗ കൗൺസിലിൽ 25 വോട്ട് വീതം വർഗീസിനും രാജശ്രീക്കും മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുകളിൽ ലഭിച്ചപ്പോൾ യു.ഡി.എഫിന് ലഭിച്ചത് 23 വോട്ടുകളാണ്. മേയർ തിരഞ്ഞെടുപ്പിൽ എം.കെ.വർഗീസിനെ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ പി.കെ.ഷാജനാണ് നിർദേശിച്ചത്. സി.പി.ഐയിലെ സാറാമ്മ റോബ്സൺ പിൻതാങ്ങി. യു.ഡി.എഫിലെ എൻ.എ.ഗോപകുമാറിനെ രാജൻ പല്ലൻ നിർദ്ദേശിച്ചു. ലാലി ജയിംസ് പിൻതാങ്ങി. എൻ.ഡി.എയിലെ വിനോദ് പൊള്ളാഞ്ചേരിയെ എൻ.പ്രസാദ് നിർദ്ദേശിച്ചു. പൂർണിമ സുരേഷ് പിൻതാങ്ങി. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപനെ ഷീബ ബാബു നിർദ്ദേശിച്ചു. കരോളിൻ പെരിഞ്ഞേരി പിൻതാങ്ങി. സിന്ധു ആന്റോയെ ജയപ്രകാശ് പുവ്വത്തിങ്കൽ നിർദ്ദേശിച്ചപ്പോൾ സുനിൽ രാജ് പിൻതാങ്ങി. പൂർണ്ണിമ സുരേഷിനെ ഡോ.വി.ആതിര നിർദ്ദേശിച്ചു. എൻ.വി.രാധിക പിൻതാങ്ങി. വർഗീസിന് 25 വോട്ടും കോൺഗ്രസിലെ ഗോപകുമാറിന് 23 വോട്ടും ലഭിച്ചു. മേയർ തിരഞ്ഞെടുപ്പിൽ ആദ്യ ഘട്ടത്തിൽ 28 വോട്ട് ആർക്കും ലഭിക്കാത്തതിനെ തുടർന്ന് നടപടി ക്രമം അനുസരിച്ച് രണ്ടാം ഘട്ടത്തിൽ നടന്ന വോട്ടെടുപ്പിലാണ് വർഗീസിനെ വിജയിയായി പ്രഖ്യാപിച്ചത്. ആദ്യ ഘട്ടത്തിൽ വർഗീസിന് 24 വോട്ടും ഗോപകുമാറിന് 23 വോട്ടും എൻ.ഡി.എയിലെ വിനോദ് പൊള്ളാഞ്ചേരിക്ക് 6 വോട്ടും ലഭിച്ചു. പറവട്ടാനി കൗൺസിലർ ഷീബ ജോയിയുടെ വോട്ടാണ് അസാധുവായി. തുടർന്ന് എറ്റവും കുറവ് വോട്ട് ലഭിച്ചയാളെ രണ്ടാം ഘട്ടത്തിൽ മാറ്റി നിർത്തി. വർഗ്ഗീസും എൻ.എ.ഗോപകുമാറും തമ്മിലായിരുന്നു മത്സരം. ഇതിൽ 25 വോട്ടും വർഗീസ് നേടിയപ്പോൾ ഗോപകുമാറിന് 23 വോട്ട് ലഭിച്ചു. ബി.ജെ.പി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.
ആദ്യ രണ്ട് വർഷം മേയർ സ്ഥാനം 
ധാരണയനുസരിച്ച് ആദ്യത്തെ രണ്ട് വർഷമാണ് വർഗീസിന് മേയർ സ്ഥാനം നൽകുന്നത്. തുടർന്നുള്ള മൂന്നുവർഷം സി.പി.എമ്മും സി.പി.ഐയും മേയർസ്ഥാനം പങ്കിടും. ഡെപ്യുട്ടി മേയർ രാജശ്രീ ഗോപൻ ആദ്യമായാണ് കൗൺസിലിൽ എത്തുന്നത്. മേയറായി തിരഞ്ഞെടുക്കപ്പെട്ട എം.കെ.വർഗീസ് സി.പി.എം ഒല്ലൂർ ഏരിയയിൽ ഉൾപ്പെടുന്ന ആളായതിനാൽ തൃശൂർ ഏരിയായിൽ ഉൾപ്പെട്ട രാജശ്രീക്ക് ഡെപ്യൂട്ടി മേയർ സ്ഥാനം ലഭിക്കുകയായിരുന്നു.