 
ഇരിങ്ങാലക്കുട: നഗരസഭയുടെ ചെയർപേഴ്സനായി 27-ാംവാർഡിൽ (ചേലൂർക്കാവ്) നിന്ന് ജയിച്ച സോണിയ ഗിരിയെ തിരഞ്ഞെടുത്തു. കൗൺസിൽ ഹാളിൽ രാവിലെ 11ന് നടന്ന വോട്ടെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി സോണിയ ഗിരിക്ക് 17 ഉം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ.ആർ വിജയക്ക് 16 ഉം വോട്ടുകൾ ലഭിച്ചു.8 വോട്ടുകൾ അസാധുവായി. കൂടുതൽ വോട്ടുകൾ ലഭിച്ച സോണിയ ഗിരിയെ ചെയർപേഴ്സനായി തിരഞ്ഞെടുത്തതായി വരണാധികാരി ബി.ജയശ്രീ പ്രഖ്യാപിച്ചു.തുടർന്ന് വരണാധികാരി ചെയർപേഴ്സണ് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.ആകെ 41 അംഗങ്ങളാണ് ഭരണസമിതിയിൽ ഉള്ളത്. രണ്ട് റൗണ്ടുകളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടന്നത്. ആദ്യ റൗണ്ടിൽ 8 വോട്ടുകൾ ബി.ജെ.പി സ്ഥാനാർത്ഥി അമ്പിളി ജയന് ലഭിച്ചിരുന്നു. ഇവരെ ഒഴിവാക്കിയാണ് രണ്ടാം റൗണ്ട് വോട്ടെടുപ്പ് നടന്നത്. നിലവിൽ ഡി.സി.സി സെക്രട്ടറിയായ സോണിയ ഗിരി രണ്ടാം തവണയാണ് ചെയർപേഴ്സനായി തിരഞ്ഞെടുക്കപ്പെടുന്നത്. നഗരസഭ വൈസ് ചെയർമാനായി യു.ഡി.എഫിലെ ഘടകകക്ഷിയായ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ പി.ടി ജോർജിനെ തിരഞ്ഞെടുത്തു.16-ാംവാർഡിൽ നിന്ന് (ഗവ.ആശുപത്രി വാർഡ്) ഭരണസമിതിയിലേക്ക് ജയിച്ച ജോസഫ് വിഭാഗം മണ്ഡലം പ്രസിഡന്റ് കൂടിയായ പി.ടി ജോർജിന് 17 ഉം എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ അൽഫോൻസ തോമസിന് 16 ഉം വോട്ട് ലഭിച്ചു.8 വോട്ടുകൾ അസാധുവായി. കൂടുതൽ വോട്ട് നേടിയ പി.ടി ജോർജ് വൈസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി ബി.ജയശ്രീ പ്രഖ്യാപിച്ചു.നേരത്തെ നടന്ന ആദ്യ റൗണ്ട് വോട്ടെടുപ്പിൽ 8 വോട്ട് നേടിയ ബി.ജെ.പി സ്ഥാനാർത്ഥി ടി.കെ ഷാജുവിനെ ഒഴിവാക്കിയാണ് രണ്ടാം റൗണ്ട് വോട്ടെടുപ്പ് നടന്നത്.