pailappan
ചാലക്കുടി നഗരസഭ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട വി.ഒ.പൈലപ്പൻ

ചാലക്കുടി: ആദ്യന്തം പിരിമുറക്കവും അധികാര വടംവലിയും നിറഞ്ഞു നിന്നെങ്കിലും 62ാം ജന്മദിനത്തിന്റെ പിറ്റേന്നാൾ ചാലക്കുടി നഗരസഭയുടെ പ്രഥമ പൗരനാകാൻ വി.ഒ.പൈലപ്പന് സാധിച്ചു. പൈലപ്പന് 27ഉം എതിർ സ്ഥാനാർത്ഥി എൽ.ഡി.എഫിലെ സി.എസ്.സുരേഷിന് ആറും വീതം വോട്ടുകൾ ലഭിച്ചു.സി.പി.എം വിമതനായി മത്സരിച്ച് ജയിച്ച സുനോജ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ അനുകൂലിച്ചപ്പോൾ മുപ്പതാം വാഡിലെ വിമതയായ റോസി ലാസർ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്തു. സ്വതന്ത്ര കൗൺസിലർമാരായ വി.ജെ.ജോജി,എലിസബത്ത് എന്നിവരും എൻ.ഡി.എയിലെ വത്സൻ ചമ്പക്കരയും വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.ചാലക്കുടി ഡി.എഫ്.ഒ സംബുദ്ധ മജുംദാറായിരുന്നു വരണാധികാരി.വി.ഒ.പൈലപ്പന്റെ പേര് എബി ജോർജ്ജ് നിർദ്ദേശിക്കുകയും എം.എം.അനിൽകുമാർ പന്താങ്ങുകയും ചെയ്തു. സി.പി.എമ്മിലെ സി.എസ്.സുരേഷിനെ നിർദ്ദേശിച്ചത് ബിജി സദാനന്ദനും പിന്താങ്ങിയത് ഷൈജ സുനിലുമായിരുന്നു. സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയ ചാലക്കുടി നഗരസഭയിലെ ചെയർമാൻ തെരഞ്ഞെടുപ്പ് യു.ഡി.എഫിനെ സംബന്ധിച്ച് അവസാന നിമിഷം വരെ കീറാമുട്ടിയായിരുന്നു. തിരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളിലേക്ക് വരെ നീണ്ടെങ്കിലും ഒടുവിൽ അനിശ്ചിതതത്തിന് വിരാമമായത് കോൺഗ്രസ് പ്രവർത്തകരെ സംബന്ധിച്ച് ഏറെ ആശ്വാസകരമായി.