ചാലക്കുടി: മൃഗീയ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് അധികാരത്തിലെത്തിയ ചാലക്കുടി നഗരസഭയിൽ ചെയർമാൻ സ്ഥാനത്തെ ചൊല്ലി നീണ്ട തകർക്കം ഒത്തു തീർപ്പാക്കിയത് വി.ഡി.സതീശൻ. ഒരാഴ്ചയായി തുടർന്ന അനുരഞ്ജനങ്ങളെല്ലാം വിഫലമായതോടെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ആ ദൗത്യം വി.ഡി.സതീശനെ ഏൽപ്പിച്ചത്. കൗൺസിൽ ഹാളിൽ രാവിലെ 11ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഒമ്പതിനാണ് കോൺഗ്രസ് ഹൗസിൽ നിർണ്ണായ യോഗം ചേർന്നത്. ഇരു വിഭാഗങ്ങൾക്കും താക്കീതു നൽകിയാണ് വി.ഡി.സതീശൻ സമവായ യോഗത്തിന് തുടക്കമിട്ടത്. ആദ്യം ചെയർമാൻ സ്ഥാനത്തെത്തുന്നയാൾക്ക് ഒന്നര വർഷം മാത്രമായിരിക്കും കാലവധിയെന്ന് കെ.പി.സി.സി വാഗ്‌ദ്ധാവ് തീർപ്പു കൽപ്പിച്ചു. ഈ നിർദ്ദേശത്തിന് വി.ഒ.പൈലപ്പൻ സമ്മതം മൂളിയപ്പോൾ, എബി ജോർജ്ജും മറുത്തു പറഞ്ഞില്ല. ഇതിന്റെ അടിസ്ഥാനത്തിൽ തുടർന്ന് രണ്ടര വർഷത്തെ അദ്ധ്യക്ഷ പദവി എബിക്കാണെന്നും യോഗത്തിൽ തീരുമാനിച്ചു. അവസാനത്തെ ഒരു വർഷത്തെ ചെയാൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റു കൂടിയായ ഷിബു വാലപ്പനായിരിക്കും. പ്രസ്തുത തീരുമാനങ്ങൾ യോഗത്തിൽ പങ്കെടുത്ത ഐ വിഭാഗത്തിലെ 19 പേരും അംഗീകരിച്ചു. ഇതോടെയാണ് തിരഞ്ഞെടുപ്പിനു ശേഷം യു.ഡി.എഫിനെ പിടികൂടിയരുന്ന അധികാര വടംവലിക്ക് തിരിശീല വീണത്. താൽക്കാലികമായെങ്കിലും ഗ്രൂപ്പ് പോരിനും.