ഗുരുവായൂർ: റെയിൽവേ മേല്പാലത്തിന് അടുത്ത മാസം 23ന് തറക്കല്ലിടും. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെയാണ് ചടങ്ങ് നിർവഹിക്കുക. ചെന്നൈയിലെ എസ്.പി.എൽ. ഇൻഫ്രാസ്ട്രക്ച്ചർ കമ്പനിയുമായി ജനുവരി നാലിന് കരാർ ഉറപ്പിക്കും. നിർമാണത്തിന് മുന്നോടിയായ നടപടി ക്രമങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്. കിഫ്ബി വഴി സംസ്ഥാനത്ത് നിർമിക്കുന്ന പത്ത് മേല്പാലങ്ങളിലാണ് ഗുരുവായൂരിലെ പാലവും ഉൾപ്പെടുത്തിയിട്ടുള്ളത്. കിഴക്കേ നടയിലെ നിലവിലെ റെയിൽവേ ഗേറ്റിന് മുകളിലൂടെ നിർമിക്കുന്ന പാലത്തിന് 517.32 മീറ്റർ നീളവും 10.15 മീറ്റർ വീതിയുമുണ്ടാകും. നാലു മീറ്റർ വീതിയിൽ സർവീസ് റോഡും നിർമിക്കും. കിഫ്ബിയുടെ സഹായത്തോട 23.45 കോടി രൂപ ചെലവിട്ടാണ് മേല്പാലം പണിയുന്നത്. പാലം വരുന്നതോടെ ഗുരുവായൂർ തൃശൂർ റോഡിലെ റെയിൽവേ ഗേറ്റ് സൃഷ്ടിക്കുന്ന ഗതാഗത കുരുക്കിന് പരിഹാരമാകും.