
തൃശൂർ: ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് ജില്ലാ കളക്ടർ ഷാനവാസിന്റെ നിർദ്ദേശത്തിൽ എക്‌സൈസ്, റവന്യൂ, പൊലീസ്, വനം എന്നീ വകുപ്പുകൾ സംയോജിച്ച് താലൂക്ക് തല സ്‌പെഷ്യൽ ഡ്രൈവ് സ്‌ക്വാഡ് രൂപീകരിച്ച് ജില്ലയുടെ വിവിധ പ്രദേശത്ത് റെയിഡുകളിൽ പിടിയിലായത് 121 പേർ. തൃശൂർ എക്‌സൈസ് ഡിവിഷന്റെ കീഴിലുള്ള വിവിധ എക്‌സൈസ് ഓഫീസുകളുടെ സഹകരണത്തോടെയാണ് പരിശോധനകൾ ശക്തമാക്കിയത്. താലൂക്ക്തല സ്‌ക്വാഡുകളിലെ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കോർഡിനേറ്ററും,പൊലീസ്, റവന്യൂ, ഫോറസ്റ്റ്, ജി.എസ്.ടി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ചേർന്നാണ് താലൂക്ക്തല ഫോഴ്‌സുകളുടെ പ്രവർത്തനം ശക്തമാക്കിയത്. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് മദ്യം-മയക്കു മരുന്ന് കുറ്റകൃത്യങ്ങൾ അമർച്ച ചെയ്യുന്നതിനായി തൃശൂർ എക്‌സൈസ് ഡിവിഷൻ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തിച്ചു വരുന്നു. കൂടാതെ താലൂക്ക്തല കൺട്രോൾ റൂമുകളും പ്രവർത്തിക്കുന്നു. പുതുവത്സരാഘോഷ ഭാഗമായി കൂട്ടംകൂടി മയക്കു മരുന്നും, മറ്റ് ലഹരി വസ്തുക്കളും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുവാൻ രഹസ്യാന്വേഷണ വിഭാഗം ഉൾപ്പെടെ രാത്രിക്കാല പരിശോധനകളും തുടർന്ന് വരികയാണ്.
ആകെ റെയ്ഡുകൾ -1225
അബ്കാരി കേസുകൾ -126
എൻ.ഡി.പി.എസ് -53
അബ്കാരി കേസിൽ അറസ്റ്റ് -49
കോട്പ ആക്ട് ചുമത്തിയത് -517
പിഴ ഈടാക്കിയത് -1,00,800
പിടിച്ചെടുത്ത ചാരായം-79.300 ലിറ്റർ
വിദേശ മദ്യം -353 ലിറ്റർ
കഞ്ചാവ് -49.260 കിലോ
എം.ഡി.എം.എ 4.670 ഗ്രാം
ഹാഷീഷ് -15.260
വാഷ് -1131 ലിറ്റർ
പിടിച്ചെടുത്ത വാഹനങ്ങൾ -12
റെയിഡുകൾ തുടരും
പുതുവത്സരാഘോഷത്തിനോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ കൂടുതൽ റെയിഡുകൾ തുടർന്നും സംഘടിപ്പിക്കും.തീരദേശ മേഖല, വനമേഖല എന്നിവ കേന്ദ്രീകരിച്ച് ലഹരി കടത്തുന്നത് തടയുന്നതിന് രാത്രികാല പട്രോളിങ്ങും, വാഹന പരിശോധനയും തുടർന്നും ശക്തിപ്പെടുത്തും, ക്ലബുകൾ കേന്ദ്രീകരിച്ച് ഡി.ജെ. പാർട്ടികൾ നടത്താതിരിക്കുന്നതിന് ശക്തമായ റെയിഡുകൾ സംഘടിപ്പിക്കും.
കെ. പ്രദീപ് കുമാർ , ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ