
തൃശൂർ: ജമാഅത്തെ ഇസ്ലാമി ചർച്ചയ്ക്ക് പറ്റിയവരല്ലാത്തതിനാലാണ് അവരെ വിളിക്കാത്തതെന്ന് കേരള പര്യടനത്തിന്റെ ഭാഗമായി തൃശൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി.
സഭാതർക്കത്തിൽ പ്രധാനമന്ത്രി ഇടപെടുന്നത് സ്വാഗതാർഹമാണ്. ക്രമസമാധാന പ്രശ്നമുള്ള അത്തരമൊരു കാര്യത്തിൽ പ്രധാനമന്ത്രി ഇടപെടുന്നതിൽ തെറ്റില്ല. അതിൽ രാഷ്ട്രീയമുണ്ടെന്നും കരുതുന്നില്ല. കുതിരാനിലെ ഒരു ടണൽ ജനുവരിയിൽ പൂർത്തിയാക്കുമെന്നാണ് നാഷണൽ ഹൈവേ അതോറിറ്റി പറഞ്ഞിട്ടുള്ളത്. കരാറുകാരുമായുള്ള പ്രശ്നം പരിഹരിക്കുമെന്നും അവർ അറിയിച്ചിട്ടുണ്ട്. പാലാ സീറ്റ് മാണി സി.കാപ്പന് കൊടുക്കുമെന്ന് പറയാനുള്ള അവകാശം പി.ജെ. ജോസഫിന് പാർട്ടി കൊടുത്തിട്ടുണ്ടാവും. അത് ഗൗരവത്തിലെടുക്കേണ്ട കാര്യമില്ല. ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസിനെ നേരിടാൻ ആരോഗ്യ വകുപ്പ് തയ്യാറെടുപ്പുകൾ നടത്തുകയാണ്. കെഫോൺ പദ്ധതിയുടെ ആദ്യഘട്ടം ഉടൻ പൂർത്തിയാക്കും.
എൽ.ഡി.എഫ് സർക്കാർ പറയുന്ന കാര്യം നിറവേറ്റുമെന്ന ജനവിശ്വാസത്തിന്റെ പ്രതിഫലനമാണ് കേരള പര്യടനവുമായി ബന്ധപ്പെട്ട ചർച്ചകളിലുണ്ടായത്. എൽ.ഡി.എഫിനോട് അകലം പാലിച്ചവരടക്കം ചർച്ചകളിൽ പങ്കെടുക്കുന്നു. പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കാനായെന്ന സംതൃപ്തിയാണ് സർക്കാരിനുള്ളത്. നവകേരളം സൃഷ്ടിക്കാനാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. മുന്നോട്ട് കുതിക്കാനുള്ള ആത്മവിശ്വാസം എൽ.ഡി.എഫിനും സർക്കാരിനുമുണ്ട്. ആ കുതിപ്പിന് ദിശാബോധം നൽകാൻ കേരള പര്യടനത്തിലെ കാഴ്ചപ്പാടുകൾക്ക് സാധിക്കും. ഉന്നത വിദ്യാഭ്യാസനിലവാരം മെച്ചപ്പെടുത്തണമെന്ന ആവശ്യമാണ് ഭൂരിഭാഗം ചർച്ചകളിലും പൊതുവായി ഉയർന്നത്. വനിതാ കമ്മിഷന്റെ പ്രവർത്തനം വിപുലീകരിക്കണമെന്നും ആവശ്യമുയർന്നു. കേരള പര്യടനത്തിലെ നിർദ്ദേശങ്ങൾ പ്രകടനപത്രികയിൽ ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.