vethu
വേത്ത്

മാള: കാലത്തിലും കാലാവസ്ഥയ്ക്കും അനുസരിച്ച് ആധുനികവത്ക്കരണം കാർഷിക മേഖലയിൽ പ്രകടമായെങ്കിലും നെൽ കതിർ കരിയാതിരിക്കാൻ സുകുമാരന് ആശ്രയം തന്നേക്കാൾ പ്രായമുള്ള വേത്ത്. കർഷകനായ അച്ഛൻ കുട്ടിയിൽ നിന്ന് കൈമാറി കിട്ടിയ വേത്ത് ഉപയോഗിച്ച് ഒരു മാസമായി നെൽകൃഷിക്ക് ജീവൻ കൊടുത്ത് പച്ചപ്പ് നിലനിർത്തുകയാണ് മാളയ്ക്കടുത്ത് പൂപ്പത്തി തറയിൽ 63 കാരനായ സുകുമാരൻ. ഐരാണിക്കുളത്ത് പാട്ടത്തിനെടുത്ത ഒരേക്കർ പാടത്തെ നെൽകൃഷിയിലെ പ്രതീക്ഷകൾ കരിഞ്ഞുണങ്ങാതിരിക്കാനാണ് പകൽ മുഴുവൻ വേത്ത് ഉപയോഗിച്ച് വെള്ളമെത്തിക്കുന്നത്. കനാൽ വെള്ളം വരുമെന്ന് പ്രതീക്ഷിച്ച് കൃഷിയിറക്കിയെങ്കിലും കതിരായിട്ടും ലഭിക്കാത്തതിനാൽ സുകുമാരൻ വെള്ളം തേവുന്നത് തുടരുകയാണ്. കൃഷിയിറക്കാനുള്ള ചെലവ് പോലും കണക്ക് വയ്ക്കാതെയാണ് ഈ കർഷകൻ പകൽ സമയം പൂർണമായി പാടത്ത് ചെലവഴിക്കുന്നത്.

അച്ഛനിൽ നിന്ന് കൈമാറി കിട്ടിയ വേത്ത്

മികച്ച കർഷകനായിരുന്ന അച്ഛൻ 'കുട്ടി' കാർഷിക ആവശ്യത്തിന് വെള്ളമെത്തിക്കാൻ ഉപയോഗിച്ചിരുന്നതാണ് പ്ലാവ് കാതൽ കൊണ്ടുള്ള വേത്ത്. അച്ഛന്റെ അന്നത്തെ ഈ സമ്പാദ്യം ഈ കാലഘട്ടത്തിൽ പ്രയോജനപ്പെടുമെന്ന് സുകുമാരൻ കരുതിയിരുന്നില്ല. കുട്ടിക്കാലത്ത് മുതൽ അച്ഛനൊപ്പം പാടത്ത് വെള്ളം തേവാൻ പോയിരുന്ന അനുഭവവും പരിചയവും ഇന്ന് ആധുനിക കാലഘട്ടത്തിൽ തുണയായിരിക്കുകയാണ്.

നെൽകതിർ ഉണങ്ങുന്നത് സഹിക്കാൻ കഴിയില്ല

80 ദിവസമായ നെൽച്ചെടികൾക്ക് രണ്ടാഴ്ച കൂടി വെള്ളം നൽകിയാൽ മുഴുവനും കതിരായി മാറും. ഇപ്പോൾ ഒരു മാസമായി അച്ഛൻ ബാക്കിവച്ച വേത്ത് ഉപയോഗിച്ചാണ് വെള്ളം തേവുന്നത്. കൃഷിയോടുള്ള അടങ്ങാത്ത താൽപ്പര്യം കൊണ്ടുമാത്രമാണ് ഇതെല്ലാം ചെയ്യുന്നത്. വെള്ളമില്ലാതെ നെൽകതിർ ഉണങ്ങുന്നത് സഹിക്കാൻ കഴിയില്ല. കുടുംബത്തിന് നല്ല ഭക്ഷണം കഴിക്കാൻ വേണ്ടിയാണ് കൃഷി ചെയ്യുന്നത്. എനിക്ക് ഓർമ്മവച്ച കാലം മുതൽ കാണുന്നതാണ് അച്ഛൻ വേത്തുമായി പാടത്ത് വെള്ളം തേവാൻ പോകുന്നത്.

സുകുമാരൻ