
തൃശൂർ: പുല്ലഴി ഡിവിഷനിലെ തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതോടെ മൂന്ന് മുന്നണികളിലും അണിയറ ചർച്ചകൾ സജീവമായി. ജനുവരി 21 നാണ് പുല്ലഴിയിലെ വോട്ടെടുപ്പ് തീയ്യതി പ്രഖ്യാപിച്ചിട്ടുള്ളത്. 22 ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കും. തൃശൂർ കോർപ്പറേഷൻ ഭരണത്തിന്റെ ഗതി നിർണയിക്കുന്ന തിരഞ്ഞെടുപ്പായത് കൊണ്ട് തന്നെ മൂന്ന് മുന്നണികളും വലിയ പ്രതീക്ഷയോടെയാണ് പുല്ലഴിയെ നോക്കി കാണുന്നത്. ഇരുമുന്നണികൾക്കും ഭൂരിപക്ഷമില്ലാത്ത തൃശൂർ കോർപ്പറേഷനിൽ പുല്ലഴിയിലെ തിരഞ്ഞെടുപ്പ് ഫലം നിർണായകമാണ്. എൽ.ഡി.എഫ്-24, യു.ഡി.എഫ്-23, എൻ.ഡി.എ-06, സ്വതന്ത്രൻ-01 എന്നാണ് തൃശൂർ കോർപ്പറേഷനിലെ കക്ഷിനില. കോൺഗ്രസ് വിമതന്റെ പിന്തുണയോടെ ഭരണത്തുടർച്ച നേടിയെങ്കിലും പുല്ലഴിയിലെ ജയം കൂടി നേടിയാൽ 5 വർഷം ആശങ്കകളില്ലാതെ മുന്നോട്ടുപോകാനാകുമെന്നാണ് എൽ.ഡി.എഫ് കണക്ക് കൂട്ടൽ. പുല്ലഴിയിൽ ജയം നേടുകയും അതിലൂടെ കോൺഗ്രസ് വിമതന്റെ മനസ് മാറ്റിയെടുക്കുകയും കൂടെ നിർത്തുകയും ചെയ്താൽ ഭരണത്തിലേറാമെന്ന കണക്കുകൂട്ടലാണ് യു.ഡി.എഫ്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് ഈ ഡിവിഷനിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയത് ബി.ജെ.പിയായിരുന്നു. കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഇത്തവണ ഡിവിഷനിൽ താമര വിരിയുമെന്ന കണക്ക് കൂട്ടലാണ് എൻ.ഡി.എയ്ക്കുള്ളത്.
തിരഞ്ഞെടുപ്പ് ജനുവരി 21 ന്
ജനുവരി 21 നാണ് പുല്ലഴിയിലെ വോട്ടെടുപ്പ് തീയ്യതി പ്രഖ്യാപിച്ചിട്ടുള്ളത്.എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന എം.കെ മുകുന്ദന്റെ മരണത്തേത്തുടർന്നാണ് പുല്ലഴി ഡിവിഷനിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. കോൺഗ്രസിലെ മുൻ പ്രതിപക്ഷ നേതാവായിരുന്ന എം.കെ മുകുന്ദൻ ഇടതുമുന്നണിയിലെത്തുകയും സി.പി.എം അദ്ദേഹത്തിന് പുല്ലഴിയിൽ സീറ്റ് നൽകുകയുമായിരുന്നു. എം.കെ മുകുന്ദന്റെ ഭാര്യയാകും ഡിവിഷനിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയെന്നാണ് ലഭ്യമാകുന്ന സൂചന. എം.കെ മുകുന്ദനെതിരെ മത്സരിക്കാൻ നിശ്ചയിച്ചിരുന്ന കെ. രാമനാഥൻ തന്നെയാകും യു.ഡി.എഫ് സ്ഥാനാർത്ഥി.