kuthiran
മണ്ണുത്തി ഇരട്ടക്കുഴൽ തുരങ്കങ്ങളുടെ പടിഞ്ഞാറേ തുരങ്കമുഖത്തിന് സമീപമായി വലതുഭാഗത്തുള്ള പാറക്കെട്ടുകൾക്ക് മുകളിലുള്ള മണ്ണ് നീക്കുന്നു.

തൃശൂർ: ഇരട്ടക്കുഴൽ തുരങ്കങ്ങളുടെ പടിഞ്ഞാറേ തുരങ്കമുഖത്തിന് സമീപമായി വലതുഭാഗത്തുള്ള പാറക്കെട്ടുകൾക്ക് മുകളിലുള്ള മണ്ണ് നീക്കുന്ന പ്രവൃത്തി ആരംഭിച്ചു. റോഡിൽ നിന്ന് 60 അടിയോളം ഉയരത്തിലുള്ള പാറക്കെട്ടിന് മുകളിലെ മണ്ണ് ഇടിഞ്ഞുവീഴാനുള്ള സാദ്ധ്യത മുന്നിൽക്കണ്ടാണിത്. ഒരു മാസം മുമ്പ് വനംവകുപ്പിന്റെ അനുമതിയോടെ ഈ പ്രദേശത്തെ മരങ്ങൾ മുറിച്ചുനീക്കിയിരുന്നു. തുരങ്കത്തിലൂടെയുള്ള ഗതാഗതത്തിന് ഭീഷണിയാണ് ചെങ്കുത്തായ പാറക്കെട്ടും അതിന് മുകളിൽനിന്ന് എപ്പോൾ വേണമെങ്കിലും അടർന്നുവീണേക്കാവുന്ന മണ്ണും. പാറക്കെട്ടുകൾ അടർന്ന് താഴേക്ക് പതിക്കാതിരിക്കുന്നതിന് അവയിൽ ഉരുക്കുവലകൾ സ്ഥാപിച്ചിരുന്നു.

അപകടത്തിന് ഇടയാക്കിയേക്കാവുന്ന പാറക്കെട്ടുകളും മണ്ണും നീക്കംചെയ്യണമെന്ന് ജില്ലാ ഭരണകൂടവും പ്രദേശത്ത് സന്ദർശനം നടത്തിയ മന്ത്രിമാരും മറ്റ് ബന്ധപ്പെട്ട ഉദ്യാഗസ്ഥരും കരാർ കമ്പനിയോടും ദേശീയപാത അതോറിറ്റിയോടും ആവശ്യപ്പെട്ടിരുന്നു. പല തട്ടുകളായി തിരിച്ച് ഇവ നീക്കംചെയ്യാമെന്നാണ് കരാർ കമ്പനിയും എൻ.എച്ച്.എ.ഐയും ഉറപ്പുനൽകിയിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്.