തൃശൂർ: മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എൻഡോസ്‌കോപ്പി നടത്തിയപ്പോൾ കോമാസ്റ്റേജിലായ ബൈജുവെന്ന യുവാവ് മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ഉണ്ടെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് എറണാകുളം ജില്ലാ പൊലീസ് മേധാവിക്ക് ഉത്തരവ് നൽകി. ആശുപത്രി അധികൃതരെ പ്രതിചേർക്കാതെ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തെന്ന പരാതിയും ഡിവൈ.എസ്.പി അന്വേഷിക്കണം. ആശുപത്രി അധിക്യതരെ ചോദ്യം ചെയ്യാൻ പോലും പൊലീസ് തയ്യാറായിട്ടില്ല. മരിച്ച യുവാവിന്റെ ഭാര്യയും കുഞ്ഞും ആശുപത്രിക്ക് മുന്നിൽ സമരം നടത്തിയിട്ടും ആശുപത്രി അധിക്യതരെ രക്ഷിക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിക്കുന്നതെന്നാണ് പരാതി.
അവസാനനിമിഷം രോഗിയെ ആശുപത്രി അധികൃതർ തന്നെ മറ്റൊരു ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചാലക്കുടി സ്വദേശി സെബി സമർപ്പിച്ച പരാതിയിലാണ് നടപടി.