കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.ആർ. പത്മകുമാറിനെ ആക്രമിച്ച സംഘം കഞ്ചാവ് ലോബിയിൽപ്പെട്ടവരാണെന്നാണ് വ്യക്തമായി. പ്രതികളെന്നു സംശയിക്കുന്ന നാലുപേരും ഒളിവിലാണ്. തിങ്കളാഴ്ച രാത്രിയാണ് ഡ്യൂട്ടികഴിഞ്ഞ് താമസസ്ഥലത്തേക്കുപോയ സി.ഐയുടെ കാർ പടാകുളത്തുവെച്ച് തടഞ്ഞുനിറുത്തി ആക്രമിച്ച് പരിക്കേൽപ്പിച്ചത്. കാറും തല്ലിത്തകർത്തു. തലയിലെ പരിക്ക് ഗുരുതരമായതിനാൽ സി.ഐയെ ചൊവ്വാഴ്ച വൈകിട്ടോടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ കുറേ ദിവസങ്ങളായി ഈ പ്രദേശത്തും ബൈപ്പാസിലുമായി ലഹരിവില്പന നടക്കുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.ഇത്തരക്കാരുടെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ കൊണ്ട് പരിസരവാസികളും പൊറുതിമുട്ടിരിക്കുകയാണ്. ഈ ഭാഗത്തുളള നാട്ടുകാർ വിവരം എക്സൈസ് റേഞ്ച് ഓഫീസിലും അറിയിച്ചിരുന്നു.ഇതിനെ തുടർന്ന് പ്രദേശം എക്സൈസ് ഉദ്യോഗസ്ഥരുടെ നീരിക്ഷണത്തിലായിരുന്നു. കേസിലെ പ്രധാന പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു.ഇയാളെ കഞ്ചാവ് വില്പനയുടെ പേരിൽ നേരത്തെ എക്സൈസ് പിടികൂടി താക്കീതുചെയ്ത് വിട്ടയച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു.