ഇരിങ്ങാലക്കുട: ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആറ് പുതിയ പദ്ധതികൾ നവവത്സരസമ്മാനമായി പുല്ലൂർ സർവീസ് സഹകരണബാങ്ക് നാടിന് സമർപ്പിക്കുന്നതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഡയമണ്ട് ജൂബിലിഗോൾഡ്‌ലോൺ സ്‌കീം ഡയമണ്ട് ജൂബിലിവർഷം പ്രമാണിച്ച് ജനുവരി 1 മുതൽ 75 ദിവസത്തേക്ക് പലിശയിളവ് പ്രഖ്യാപിച്ചു. നിലവിലുള്ള ഗോൾഡ്‌ലോണിന് 3ശതമാനം ഇളവ് കൊടുത്ത് 7.5 ശതമാനം പലിശയിൽ ഡയമണ്ട് ജൂബിലി ഗോൾഡ്‌ലോൺ സ്‌കീമിൽ ലഭിക്കുക. ഡയമണ്ട് ജൂബിലി സ്‌പെഷ്യൽ വായ്പാപദ്ധതി വസ്തുലോൺ, സിംപിൾലോൺ, ഭവനവായ്പ, ഓവർഡ്രാഫ്റ്റ് എന്നിവയ്ക്ക് 2ശതമാനം പലിശയിളവ് ലഭിക്കും. ജനുവരി 1 മുതൽ 75 ദിവസത്തേക്കായിരിക്കും ആനുകൂല്യം ലഭിക്കുക. ഡയമണ്ട് ജൂബിലി മെഗാപ്രതിമാസ നിക്ഷേപപദ്ധതി 100 തവണകളായി പതിനായിരം രൂപവീതം അടയ്ക്കുന്ന 200പേർ പങ്കാളികളാകുന്ന പ്രതിമാസ നിക്ഷേപപദ്ധതിക്ക് ജനുവരിയിൽ തുടക്കംകുറിക്കും.

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിക്ക് ശക്തിപകരുന്നതും പുതിയ തൊഴിൽ അവസരങ്ങൾക്ക് വാതായനങ്ങൾ തുറന്നിടുന്നതും ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്ക് മുന്നേറാൻ കരുത്തുപകരുന്നതുമായ മൂന്ന് പദ്ധതികളാണ് പുതുവത്സരത്തിൽ ആരംഭം കുറിക്കുന്നത്. വീട്ടിലൊരു മീൻകുളം പുരയിടത്തിൽ കുഴിയെടുത്തും അല്ലാതെയും സജ്ജീകരിക്കാവുന്ന ഹൈടെക് കുളവും മേന്മയേറിയ മത്സ്യവിത്തും മറ്റു അനുബന്ധ സാമഗ്രികളും അടങ്ങുന്നതാണ് പദ്ധതി. മത്സ്യകൃഷി പരിശീലനവും, ഉത്പാദിപ്പിക്കുന്ന മത്സ്യം മെച്ചപ്പെട്ട വിലക്ക് തിരിച്ചെടുക്കാനുള്ള സൗകര്യവും പദ്ധതിയുടെ സവിശേഷതകളാണ്. ലളിതമായ വായ്പാനിരക്കിൽ വായ്പയും അനുവദിക്കും.വീട്ടുമുറ്റത്തൊരു മുയൽകൃഷി ഹൈബ്രീഡ് മുയലുകൾ, ഹൈടെക് കൂട്, ബണ്ണികേജ്, ഫീഡർ, നിപ്പിൾ ഡ്രിങ്കിംഗ് സിസ്റ്റം, നെസ്റ്റ്‌ബോക്‌സ്, പരിശീലനം തുടങ്ങിയ അടങ്ങുന്നതാണ് പദ്ധതി. ഉത്പാദിപ്പിക്കുന്ന മുയൽ കുഞ്ഞുങ്ങളെ മെച്ചപ്പെട്ടവിലക്ക് തിരിച്ചെടുത്ത് വിപണനസൗകര്യം ഉറപ്പാക്കുന്നുണ്ട്. വീട്ടുമുറ്റത്തൊരു മുട്ടക്കോഴികൃഷി കോഴിമുട്ടയുടേയും കോഴിയിറച്ചിയുടേയും കാര്യത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി ഗ്രീൻപുല്ലൂരിന്റെനേതൃത്വത്തിൽ നടപ്പിലാക്കിയ മുട്ടക്കോഴിഗ്രാമം പദ്ധതിയുടെ രണ്ടാംഘട്ടത്തിനും ജനുവരി 1മുതൽ തുടക്കംകുറിക്കുകയാണ്.

പുല്ലൂർ ബാങ്ക് പ്രസിഡന്റ്‌ ജോസ് ജെ.ചിറ്റിലപ്പിള്ളി, വൈസ് പ്രസിഡന്റ് കെ.സി. ഗംഗാധരൻ, സെക്രട്ടറി സി.എസ്‌. സപ്‌ന, ഭരണസമിതി അംഗങ്ങളായ ടി.കെ. ശശി, എൻ.കെ. കൃഷ്ണൻ,ഷീല ജയരാജ്, രാധാ സുബ്രഹ്മണ്യൻ, സുജാത മുരളി, തോമസ് കാട്ടൂക്കാരൻ, ഐ.എൻ. രവി, വാസന്തി അനിൽകുമാർ,രാജേഷ് പി.വി, അനീഷ് എൻ.സി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.