parappur
പറപ്പൂർ എഫ്.സി. അക്കാദമി കെട്ടിടം.

പാവറട്ടി : അന്താരാഷ്ട്ര നിലവാരമുള്ള സോക്കർ സ്‌കൂളിന് പറപ്പൂരിൽ തുടക്കം കുറിക്കുന്നു. 4 വയസ് മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്കായാണ് ദീർഘകാല ഫുട്‌ബാൾ പരിശീലനം ആരംഭിക്കുന്നത്. പറപ്പൂർ എഫ്.സി. ക്ലബ്ബാണ് സോക്കർ സ്‌കൂൾ നടത്തുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള ആർട്ടിഫിഷ്യൽ ടർഫ് ഗ്രൗണ്ടാണ് പരിശീലനത്തിനായി ഒരുക്കിയിരിക്കുന്നത്. പരിശീലനാർത്ഥികൾക്ക് ന്യൂട്രിഷൻ, ഫിസിയോ തെറാപ്പിസ്റ്റ്, സ്‌പോർട്‌സ് ഡോക്ടർ, അത് ലറ്റിക് ട്രെയ്‌നിങ്ങ് കോച്ച് തുടങ്ങിയവരുടെ വിദഗ്ധ സേവനമാണ് നൽകുന്നത്. ഏഷ്യൻ ഫുട്‌ബാൾ കോൺഫെഡറേഷന്റെയും ഓൾ ഇന്ത്യ ഫുട്‌ബാൾ ഫെഡറേഷന്റെയും ഔദ്യോഗിക അംഗീകാരമുള്ള കോച്ചുമാരാണ് പരിശിലിപ്പിക്കുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള കൃത്രിമ ടർഫ് മൈതാനം, നേച്ചുറൽ പുൽ മൈതാനം, ജിം, സ്വിമ്മിംഗ് പൂൾ, താമസ സൗകര്യം, റസിഡൻഷ്യൽ കോച്ചിംഗ്, പ്രമുഖ കോളേജുകളിൽ ബിരുദം വരെയുള്ള വിദ്യാഭ്യസ സൗകര്യം, സോക്കർ സ്‌കൂളിൽ മികവ് തെളിയിക്കുന്ന പരിശീലനാർത്ഥികൾക്ക് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സി.എസ്.ആറിന്റെ ഭാഗമായി ക്ലബ്ബ് നടത്തി വരുന്ന ദീർഘകാല കോച്ചിംഗ് ക്യാമ്പിലേക്ക് പ്രവേശനം, സെലക്ഷൻ ലഭിച്ച കുട്ടികൾക്ക് നാഷണൽ ഐ ലീഗ്, കെ.എഫ്.എ.ലീഗ്, ബേബി ലീഗ്, ജില്ലാ ലീഗ് എന്നിവയിൽ അണ്ടർ 10, 12, 14, 16, 18, സീനിയർ തലങ്ങളിൽ കളിക്കാനുള്ള സൗകര്യം, 6 വയസു മുതൽ 15 വയസ് വരെയുള്ള പെൺകുട്ടികൾക്ക് പ്രത്യേക പരിശീലനമെല്ലാം സോക്കർ സ്‌കൂളിന്റെ ഭാഗമാണ്. പറപ്പൂർ എഫ്.സി.യിൽ പരിശീലനം നടത്തിയിരുന്ന 8 പേർക്ക് കഴിഞ്ഞ വർഷത്തിൽ കേരള സബ്ജൂനിയർ, ജൂനിയർ ടീമിലേക്ക് സെലക്ഷൻ ലഭിച്ചിരുന്നു.