ചേർപ്പ്: പനംകുളം അത്തിക്കാവ് ക്ഷേത്രത്തിന് സമീപം പനംകുളം കൈതക്കപ്പുഴ വീട്ടിൽ സുദീപിന്റെ വീട്ടിൽകയറി അക്രമം. സുദീപിന്റെ അച്ഛൻ സൂര്യൻ, മക്കളായ അഭിദേവ് (10), അനയ്ദേവ് (9) എന്നിവർക്ക് പരിക്കേറ്റു.
കഴിഞ്ഞദിവസം ഊരകത്തെ ബാറിലുണ്ടായ സംഘർഷത്തെ തുടർന്ന് സുദീപ് മദ്ധ്യസ്ഥം പറയാനായി പോയിരുന്നു. ഇതിനെ തുടർന്നായിരുന്നു സുദീപിന്റെ വീട്ടിലും ആക്രമണം നടന്നത്. ആക്രമണം നടക്കുമ്പോൾ സുദീപിന്റെ അച്ഛനും അമ്മയും ഭാര്യയും രണ്ടുമക്കളും വീട്ടിൽ ഉണ്ടായിരുന്നു. രാത്രിയിൽ രണ്ടു ബൈക്കുകളിലായി നാലുപേരാണ് എത്തിയത്.അതിൽ ഒരാൾ മതിലിനു പുറത്തുനിന്നു. മൂന്നുപേർ മതിൽ ചാടിക്കടന്ന് വന്നാണ് വടിവാൾ ഉപയോഗിച്ചു ആക്രമിക്കാൻ ശ്രമിച്ചതും ജനൽചില്ലുകൾ തല്ലി തകർത്തതും. വീട്ടിൽ ആക്രമണം നടക്കുമ്പോൾ സുദീപ് ബിസിനസ് ആവശ്യത്തിനായി ആലപ്പുഴയിൽ പോയിരിക്കുകയായിരുന്നു. ചേർപ്പ് പൊലീസ് അന്വേഷണം തുടങ്ങി.