ചാലക്കുടി: തമിഴ്‌നാട്ടിലെ ഷോളയാർ പൊലീസ് മലയാളി വിനോദസഞ്ചാരികളെ തടഞ്ഞുവച്ച് മർദ്ദിക്കുകയും ബലമായി പണം വാങ്ങിയതായും പരാതി. വടക്കൻ പറവൂർ സ്വദേശി രാഹുൽ, പട്ടേപ്പാടം സ്വദേശികളായ നജിൽ, ആൽഫിന്റോ, പതിനാറുകാരൻ എന്നിവർക്കാണ് മർദ്ദനമേറ്റത്.
വിനോദയാത്ര സംഘാടകനായ രാഹുലിന്റെ നേതൃത്വത്തിൽ ഞായറാഴ്ചയാണ് സംഘം വാൽപ്പാറയിലേയ്ക്ക് പോയത്. കേരള അതിർത്തിയിൽ രാത്രി തമ്പടിച്ച ഇവർ തിങ്കളാഴ്ച രാവിലെ ഭക്ഷണം കഴിക്കുന്നതിനാണ് കുറച്ചകലെയുള്ള തമിഴ്‌നാട്ടിലെ മറ്റൊരു സ്ഥലത്തേക്ക് പോയത്. തിരിച്ചുവരുന്ന വഴി ഷോളയാറിൽ പുതുതായി ആരംഭിച്ച പൊലീസ് ചെക്ക് പോസ്റ്റിൽ ഇവരെ തടഞ്ഞു നിർത്തി മണിക്കൂറുകളോളം പീഡിപ്പിക്കുകയും 15,000 രൂപ വാങ്ങിയെന്നും പറയുന്നു. പിന്നീട് വൈകിട്ടാണ് വിട്ടയച്ചത്. തിരിച്ചെത്തിയ യുവാക്കൾ ഇതു സംബന്ധിച്ച് കേരള സർക്കാരിനും തമിഴ്‌നാട് ഡി.ജി.പിക്കും പരാതി നൽകി. ഇവർക്ക് പാസില്ലായിരുന്നുവെന്നാണ് തമിഴ്നാട് പൊലീസിന്റെ വിശദീകരണം. എന്നാൽ തങ്ങൾ കേരളത്തിൽ നിന്നെടുത്ത പാസ് പൊലീസിനെ കാണിച്ചെന്നും യുവാക്കൾ പറയുന്നു.