
തൃശൂർ: ജില്ലാ പഞ്ചായത്തിന്റെ അമരത്തേക്ക് എത്തുന്നത് ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ പ്രവർത്തിച്ചു ഏറെ പരിചയം നേടിയവർ. മുൻ പൊയ്യ പഞ്ചായത്ത് പ്രസിഡന്റ്, മുൻ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എന്നി സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുള്ള പി. കെ. ഡേവിസ് ആണ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നതെങ്കിൽ താന്ന്യം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നി നിലകളിൽ പ്രവർത്തിച്ച പരിചയ സമ്പത്തുമായാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഷീന പറയങ്ങാട്ടിൽ വരുന്നത്. നിരവധി വർഷക്കാലം പൊയ്യ പ്രസിഡന്റ്, സഹകരണ സംഘത്തിന്റെ പ്രസിഡന്റ് എന്നി ചുമതലകൾ വഹിച്ചു. 2010 - 2015 കാലയളവിൽ ആണ് ജില്ലാ പഞ്ചായത്തിന്റെ പ്രതിപക്ഷ നേതാവായി പ്രവർത്തിച്ചത്. ഈ സമയത്ത് ജില്ലയിലെ ജനകിയ പ്രശ്നങ്ങൾ ഉയർത്തി കൊണ്ട് വരുന്നതിൽ അദ്ദേഹം ശ്രദ്ധേയമായ ഇടപെടലുകളാണ് നടത്തിയിട്ടുള്ളത്. കർഷക സംഘത്തിന്റെ ജില്ലാ സെക്രട്ടറി കൂടിയായ അദ്ദേഹം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയാണ്. നിരവധി വർഷം സി.പി.എം ഏരിയ സെക്രട്ടറിയായും പ്രവർത്തിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സി.പി.എം ഏറ്റെടുത്തതോടെയാണ് പി. കെ. ഡേവിസിനു നറുക്ക് വീണത്. ജില്ലാ പഞ്ചായത്തിലെ മുതിർന്ന അംഗം കൂടിയായ പി.കെ. ഡേവിസ് സൗമ്യ സ്വഭാവക്കാരൻ കൂടിയാണ്. ആളൂർ ഡിവിഷനിൽ നിന്നു യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജിനീഷിനെ 2600 ലേറെ വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഡേവിസ് മാസ്റ്റർ ജില്ലാ പഞ്ചായത്തിൽ എത്തിയത്. സി.പി.ഐ പ്രധിനിധിയായ ഷീന പറയങ്ങാട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ ഏറെ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചിട്ടുള്ള നേതാവാണ്. താന്ന്യം പഞ്ചായത്തിൽ പ്രസിഡന്റ് ആയിരിക്കെ ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു. അമ്മാടം ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ നിന്നു ആദ്യമായാണ് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചത്. കന്നി അങ്കത്തിൽ തന്നെ വിജയം നേടുകയും വൈസ് പ്രസിഡന്റ് സ്ഥാനത്ത് എത്തുകയെന്ന നേട്ടവും ഷീന കൈവരിച്ചു. പെരിങ്ങോട്ടുകര സ്വദേശിനിയായ ഷീന സി.പി.ഐയുടെ വനിതാ സംഘടനയുടെ അമരത്ത് നിന്നാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പദവിയിലേക്ക് എത്തുന്നത്.