തൃശൂർ: തൃശൂർ കോർപ്പറേഷൻ പുതിയതായി നിർമ്മിച്ച ആമ്പക്കാടൻ മൂലമുതൽ എം.ഒ റോഡ് വരെയുള്ള റോഡിന്റെ ഇരുവശത്ത് കൂടി പോകുന്ന കുടിവെള്ള വിതരണത്തിനുള്ള പൈപ്പ് പൊട്ടി ജലം ഒഴുകുന്നു. കുടിവെള്ള പൈപ്പിന് മുകളിലൂടെ റോഡ് നിർമിച്ചു പോയിരിക്കുകയാണ് ഇവിടെ. കുടിവെള്ള പൈപ്പ് പൊട്ടിയപ്പോൾ റോഡ് വീണ്ടും വെട്ടി പൊളിക്കേണ്ടിവന്നു. പുതിയ റോഡ് പണിയുമ്പോൾ റോഡ് സൈഡിന് അരികിലൂടെ പോകുന്ന പൈപ്പിന് മുകളിൽ കവർ സ്ലാബ് ഇടുകയോ മറ്റ് നൂതന മാർഗങ്ങളോ സ്വീകരിക്കാതെ പണി പൂർത്തീകരിച്ചതിന്റെ ദുര്യോഗമാണ് ഇതെന്ന് കോർപ്പറേഷൻ കൗൺസിലർ ജോൺ ഡാനിയൽ പറഞ്ഞു. ആമ്പക്കാടൻ മൂലയിലെ റോഡ് നവീകരണ പ്രവൃത്തിയിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും റോഡ് വീണ്ടും കുത്തിപ്പൊളിക്കേണ്ടി വന്ന സാഹചര്യത്തിൽ മേയർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണമെന്നും ജോൺ ഡാനിയൽ ആവശ്യപ്പെട്ടു.