തൃശൂർ: ജില്ലയിൽ 6,68,217 രൂപയുടെ കടാശ്വാസത്തിന് കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷൻ ശുപാർശ ചെയ്തു. വീഡിയോ കോൺഫറൻസ് വഴിയാണ് കടാശ്വാസ അപേക്ഷകൾ പരിഗണിക്കുന്നതിന് സിറ്റിംഗ് നടത്തിയത്. കൊവിഡ് നിയന്ത്രണ മാർഗ നിർദ്ദേശങ്ങൾ അനുസരിച്ച് തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ള അപേക്ഷകളാണ് കമ്മിഷൻ സ്വീകരിച്ചത്.
അഴീക്കോട് എടവിലങ്ങ് മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘത്തിൽ നിന്ന് വായ്പയെടുത്ത 4 മത്സ്യത്തൊഴിലാളികൾക്ക് 88,800 രൂപ, എടവിലങ്ങ് സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത 3 മത്സ്യത്തൊഴിലാളികൾക്ക് 34,841 രൂപ, പെരിഞ്ഞനം മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘത്തിൽ നിന്ന് വായ്പയെടുത്ത 6 മത്സ്യത്തൊഴിലാളികൾക്ക് 44,576 രൂപ, കയ്പമംഗലം മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘത്തിൽ നിന്ന് വായ്പയെടുത്ത മത്സ്യത്തൊഴിലാളിക്ക് 18,750 രൂപ, ഞാറക്കൽ മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘത്തിൽ നിന്ന് വായ്പയെടുത്ത 8 മത്സ്യത്തൊഴിലാളികൾക്ക് 5,00,000 രൂപ എന്നിങ്ങനെയാണ് കടാശ്വാസമായി ശുപാർശ ചെയ്ത തുകകൾ.
കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് പി. എസ്. ഗോപിനാഥന്റെ അദ്ധ്യക്ഷതയിൽ നടന്ന സിറ്റിംഗിൽ കമ്മിഷൻ അംഗം അഡ്വ. വി.വി. ശശീന്ദ്രൻ, സഹകരണ വകുപ്പിൽ നിന്നും അസിസ്റ്റന്റ് ഡയറക്ടർ പ്രദീഷ് കുമാർ, സീനിയർ കോ- ഓപറേറ്റീവ് ഓഡിറ്റർ ബിന്ദു സി.വി, വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.