പാവറട്ടി: മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സി.പി.എമ്മിലെ ലതി വേണുഗോപാൽ തിരഞ്ഞെടുക്കപ്പെട്ടു. മൂന്നിനെതിരെ ഒമ്പത് വോട്ടുകൾ നേടിയാണ് എതിർ സ്ഥാനാർത്ഥി യു.ഡി.എഫിലെ ഒ.ജെ. ഷാജൻ മാസ്റ്ററെ പരാജയപ്പെടുത്തിയത്. യു.ഡി.എഫിന്റെ ഒരു വോട്ട് അസാധുവായി. വൈസ് പ്രസിഡന്റായി സി.പി.ഐയിലെ നിഷ സുരേഷിനെയും തിരഞ്ഞെടുത്തു. യു.ഡി.എഫിലെ ഗ്രേസി ജേക്കബ് ആയിരുന്നു എതിർ സ്ഥാനാർത്ഥി. ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ.കെ. ശ്രീലത വരണാധികാരിയായി. സത്യപ്രതിജ്ഞയ്ക്ക് ശേഷം നടന്ന അനുമോദന യോഗത്തിൽ മുരളി പെരുനെല്ലി എം.എൽ.എ ബ്ലോക്ക് പ്രസിഡന്റ് ലതി വേണുഗോപാലിനെ ഹാരം അണിയിച്ചു.