ldf

യു.ഡി.എഫ് 15, നറുക്കെടുപ്പിൽ ബി.ജെ.പിക്ക് ഒരു പഞ്ചായത്ത്

69 പഞ്ചായത്തുകൾ ഭരിക്കും

തൃശൂർ: ത്രിതല പഞ്ചായത്ത് പ്രസിഡന്റ് , വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ വ്യക്തമായ മുൻതൂക്കം നേടി എൽ.ഡി.എഫ് ജില്ലയിൽ ഭൂരിഭാഗം സ്ഥലങ്ങളിലും അധികാരം ഉറപ്പിച്ചു. ആകെയുള്ള 86 പഞ്ചായത്തുകളിൽ 69 എണ്ണവും എൽ.ഡി.എഫ് കരസ്ഥമാക്കിയപ്പോൾ, 15 ഇടത്ത് യു.ഡി.എഫ് അധികാരത്തിലേറി. ഒരിടത്ത് ബി.ജെ.പിക്കും പ്രസിഡന്റ് സ്ഥാനം ലഭിച്ചു. നറുക്കെടുപ്പിലൂടെ ആകെയുള്ള നാലെണ്ണത്തിൽ എൽ.ഡി.എഫ് 3 പഞ്ചായത്തുകളിൽ വിജയം നേടിയപ്പോൾ ബി.ജെ.പിക്ക് ഒരെണ്ണം കിട്ടി.

തിരുവില്വാമലയിലാണ് നറുക്കെടുപ്പിലൂടെ ബി.ജെ.പി പഞ്ചായത്ത് ഭരണം നേടിയത്. ജില്ലയിൽ നേരത്തെ ബി.ജെ.പി ഭരിച്ചിരുന്ന ഏക പഞ്ചായത്തായ അവിണിശേരിയിൽ എൽ.ഡി.എഫിന് യു.ഡി.എഫ് അംഗങ്ങൾ വോട്ട് ചെയ്തതിനെ തുടർന്ന് എൽ.ഡി.എഫ് പ്രസിഡന്റ് , വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ രാജിവെച്ചു. ഇവിടെ പിന്നീട് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകൾ നടക്കും.

മുളങ്കുന്നത്തുകാവിൽ സ്വതന്ത്രന്റെ പിന്തുണയോടെയാണ് യു.ഡി.എഫ് ആദ്യമായി അധികാരത്തിലെത്തിയത്. യു.ഡി.എഫിനും എൽ.ഡി.എഫിനും ആറുവീതം സീറ്റുകളാണ് ലഭിച്ചിരുന്നത്. നേരത്തെ സി.പി.എമ്മിൽനിന്ന് പുറത്താക്കിയ ബൈജു സ്വതന്ത്രനായി മത്സരിച്ച് ജയിച്ചിരുന്നു. സി.പി.എമ്മും ബൈജുവിനെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും പ്രസിഡന്റ് പദവി നൽകി അധികാരം പിടിക്കുകയായിരുന്നു യു.ഡി.എഫ്. ജില്ലാ പഞ്ചായത്ത് ഭരണം കഴിഞ്ഞ വർഷത്തേക്കാൾ മികച്ച ഭൂരിപക്ഷത്തിൽ നിലനിർത്തിയപ്പോൾ ബ്ലോക്ക് പഞ്ചായത്തുകളിൽ പതിനാലിടത്ത് എൽ.ഡി.എഫിന്റെ പ്രസിഡന്റുമാരാണ് അധികാരത്തിൽ വന്നത്. ചാലക്കുടിയിലും ചാവക്കാടും മാത്രമാണ് യു.ഡി.എഫിന് ലഭിച്ചത്. തൃശൂർ കോർപറേഷൻ ഭരണവും എൽ.ഡി.എഫ് നിലനിർത്തിയിരുന്നു. നഗരസഭകളിൽ ഏഴിൽ അഞ്ചിടത്തും എൽ.ഡി.എഫിനാണ് ഭരണം. ചാലക്കുടിയും ഇരിങ്ങാലക്കുടയും യു.ഡി.എഫ് നേടി.

ജില്ല പഞ്ചായത്ത് : എൽ.ഡി.എഫ്
ബ്ലോക്ക് പഞ്ചായത്ത്: 16
എൽ.ഡി.എഫ്- 14
യു.ഡി.എഫ് -2
ഗ്രാമ പഞ്ചായത്ത്: 86
എൽ.ഡി.എഫ്: 69
യു.ഡി.എഫ് :15
എൻ.ഡി.എ: 1
തിരഞ്ഞെടുപ്പ് മാറ്റിവച്ചത് -1 (അവിണിശേരി)

നറുക്കെടുപ്പിലൂടെ വിജയിച്ചത്

തിരുവില്വാമല - ബി.ജെ.പി
കൈപ്പറമ്പ് - എൽ.ഡി.എഫ്
അന്നമനട- എൽ.ഡി.എഫ്
വേളൂക്കര -എൽ.ഡി.എഫ്‌