 
ചാലക്കുടി: പഞ്ചായത്ത് പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പിൽ പരിയാരത്തും കൊരട്ടിയിലും എൽ.ഡി.എഫിന് എതിരില്ലാത്ത വിജയം. പരിയാരത്ത് എതിർ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ യു.ഡി.എഫിന് അംഗബലമില്ലായിരുന്നു.പ്രസിഡന്റായി സി.പി.എമ്മിലെ മായാ ശിവദാസൻ തിരഞ്ഞെടുക്കപ്പെട്ടു. രണ്ടു പേർ മാത്രമുള്ള യു.ഡി.എഫ് മറ്റുമൂന്നു സ്വതന്ത്രരുടെ സഹായം തേടിയെങ്കിലും അതു സാധായമായില്ല.വൈസ് പ്രസിഡന്റായി എൽ.ജെ.ഡിയിലെ ഡെസ്റ്റിൻ താക്കോൽക്കാരനും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടികജാതി സംവരണമായതിനാൽ സി.പി.എമ്മിലെ പി.സി.ബിജുവിന് എതിർ സ്ഥാനാർത്ഥി ഉണ്ടായില്ല. രണ്ടു സംവരണ വാർഡുകളിലും എൽ.ഡി.എഫാണ് വിജയിച്ചത്. സി.പി.ഐയിലെ ഷൈനി ഷാജിയാണ് വൈസ് പ്രസിഡന്റ്. നാലാം വട്ടവും എൽ.ഡി.എഫ് ഭരണം നിലനിർത്തിയ മേലൂരിൽ എം.എസ്.സുനിതയാണ് പുതിയ പ്രസിഡന്റ്. സുനിതയ്ക്ക് പത്തും യുഡിഎഫിലെ റിൻസി രാജേഷിന് നാലും വോട്ടുകൾ ലഭിച്ചു. ഇതാദ്യമായി മേലൂരിൽ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച ബി.ജെ.പി സ്ഥാനാർത്ഥി അംബിക ബാബുവിന് മൂന്നു വോട്ടുകളും കിട്ടി. പി.ഒ.പോളിയെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു.കോടശേരിയിലെ പുതിയ പ്രസിഡന്റ് യു.ഡി.എഫിലെ ഡെന്നി വർഗീസാണ്.ഡെന്നിക്ക് പത്തും യു.ഡി.എഫിലെ ഇ.കെ.ജയതിലകന് ഒമ്പത് വോട്ടുകളും ലഭിച്ചു. ജിനി ബെന്നിയെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. കോടശേരിയിലെ വൈസ് പ്രസിഡന്റ് ജിനി ജെന്നിയാണ്. അതിരപ്പിള്ളിയുടെ പ്രസിഡന്റായി എൽ.ഡി.എഫിലെ കെ.കെ.റിജേഷ് തെരഞ്ഞെടുക്കപ്പെട്ടു. റിജേഷിന് എട്ടും എതിർ സ്ഥാനാർത്ഥി യു.ഡി.എഫിലെ മുത്തുവിന് നാലും വോട്ടുകൾ ലഭിച്ചു.ബി.ജെ.പി അംഗം വോട്ടെടുപ്പിൽ പങ്കെടുത്തില്ല. ഇവിടെ വൈസ് സി.പി.ഐയിലെ ആതിര ദേവരാജനാണ്. കാടുകുറ്റിയിൽ എൽ.ഡി.എഫിലെ പ്രിൻസി ഫ്രാൻസീസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇവർക്ക് പത്തു വോട്ടുകൾ ലഭിച്ചപ്പോൾ എതിർ സ്ഥാനാർത്ഥി യു.ഡി.എഫിലെ മോളി തോമസിന് ആറും വോട്ടുകൾ ലഭിച്ചു.വൈസ് പ്രസിഡന്റായി പി.സി.അയ്യപ്പനും വിജയിച്ചു.