ചാലക്കുടി: എൽ.ഡി.എഫ് തുടർഭരണമുറപ്പാക്കിയെങ്കിലും മേലൂരിൽ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും സി.പി.ഐ വിട്ടുതിന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പങ്കെടുത്ത് സി.പി.എം സ്ഥാനാർത്ഥിക്ക് വോട്ടുചെയ്ത സി.പി.ഐ അംഗം വാസന്തി ചന്ദ്രനാണ് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും മാറിനിന്നത്.

മുന്നണി ധാരണപ്രകാരം വൈസ് പ്രസിഡന്റ് സ്ഥാനം തങ്ങൾക്ക് ലഭിക്കാത്തതിനെ തുടർന്നാണിതെന്ന് പറയുന്നു. എന്നാൽ സ്ഥിരംസമിതി അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനേയും ബി.ജെ.പിയേയും ഒഴിവാക്കുന്ന തന്ത്രമാണ് തങ്ങൾ പ്രയോഗിച്ചതെന്ന് സി.പി.എം പറയുന്നു.

വനിതാ പ്രാതിനിദ്ധ്യത്തിൽ വാസന്തിക്ക് സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അദ്ധ്യക്ഷയാകാൻ കഴിയും. ഇതാദ്യമായി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൂന്ന് അംഗങ്ങളുള്ള ബി.ജെ.പി സ്ഥാനാർത്ഥിയും മത്സരിച്ചു. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇവർ വോട്ടു ചെയ്തില്ല.